ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.



ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു. 
























