ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.