104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
വംശ വെറി പൂണ്ട ഒരു പറ്റം ചെറുപ്പക്കാരുടെ ആക്രമണത്തിന് ഇരയായി 67 കാരനായ ഒരു ഇന്ത്യന്‍ വംശജന്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. എഴുപതുകളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ കൊല്‍ക്കത്ത സ്വദേശി ആയിരുന്ന ഇക്രം ഉല്‍ ഹഖ് ആണ് കൊല്ലപ്പെട്ടത്. റമദാന്‍ ആയതിനാല്‍ വൈകീട്ടത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് മൂന്ന് വയസുള്ള തന്റെ ചെറു മകളുമൊത്ത് പള്ളിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു പ്രകോപനവും ഇല്ലാതെ ഒരു പറ്റം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിച്ചത്. ഒരു വലിയ സംഘം ചെറുപ്പക്കാര്‍ ഇയാളെ ആക്രമിക്കുകയും പുറകില്‍ നിന്നും തലക്ക് അടിയേറ്റ ഇയാള്‍ ബോധ രഹിതന്‍ ആവുകയും ചെയ്തു. പ്രധാനമായും ഏഷ്യന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തു വെച്ചാണ് ആക്രമണം നടന്നത് എങ്കിലും ഭയം മൂലം ഇതിനെ കുറിച്ച് പ്രദേശ വാസികള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അവസാനം ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവിയിലെ ചിത്രങ്ങളാണ് ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. 
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു. 
ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ – മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.   
























 