ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
എന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു. ഇസ്രായേലിനു നേരെ ഗാസയില്‍ നിന്നും റോക്കറ്റ് ആക്രമണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് തങ്ങള്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിതരായത് എന്നാണു ഇസ്രായേലിന്റെ പക്ഷം. ആക്രമണം ആവശ്യമാണെന്ന് തങ്ങള്‍ക്കു ബോധ്യം ഉള്ളിടത്തോളം തുടരും എന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.



താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
ന്യൂഡല്‍ഹി : ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.
മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
























