ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ് മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.
തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.
രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.
17 കാരിയായ ദളിത് പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ് ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ് ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.