ജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്.
സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്.