പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.
തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.
കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.