ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ മികച്ച പ്രവാസ എഴുത്തുകാരിക്കുള്ള ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് 2009ന് കവയത്രിയും, കോളമിസ്റ്റും, മലയാള നാട് ദ്വൈ വാരികയുടെ എക്സിക്യൂട്ടിവ് എഡിറ്ററുമായ ഷീലാ പോള്‍ അര്‍ഹയായി. ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ പത്താം വാര്‍ഷികത്തോ ടനുബന്ധിച്ച് ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ മീറ്റില്‍ വെച്ചായിരിക്കും പുരസ്ക്കാര ദാനം നടക്കുക.
നവമ്പര്‍ 19 മുതല്‍ 26 വരെ നടക്കുന്ന ആഘോഷ പരിപാടികളില്‍ ലോകമെമ്പാടും നിന്ന് 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും എന്ന് ഗ്ലോബല്‍ മലയാളി കൌണ്‍സിലിനു വേണ്ടി വര്‍ഗീസ് മൂലന്‍ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാര പ്രദര്‍ശനം ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ ഉല്‍ഘാടനം ചെയ്യും. നവമ്പര്‍ 21, 22, 23 ദിനങ്ങളില്‍ മെല്‍ബണിലെ സെര്‍ബിയന്‍ ഓര്‍ത്തൊഡോക്സ് ഹാളില്‍ വെച്ചായിരിക്കും ഗ്ലോബല്‍ മലയാളി മീറ്റ് നടക്കുന്നത്. നവംബര്‍ 23ന് നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.



ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
























