ആലപ്പുഴ: ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത പ്രതിസന്ധികള്‍ക്കാണ് ആലപ്പുഴയില്‍ നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളന വേദി സാക്ഷിയായി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ചയ്ക്കിടെ പാര്‍ട്ടിയുടെ സ്ഥാപക നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോയി. വി.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പാസാക്കിയ പ്രമേയമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വി.എസ് ഒരു കുറിപ്പ് പോളിറ്റ് ബ്യൂറോക്ക് അയച്ചിരുന്നു. ഇതേ പറ്റി മറുപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു എങ്കിലും കേന്ദ്ര നേതൃത്വം മറുപടിയൊന്നും നല്‍കിയില്ല. സംസ്ഥാന സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോയ വി.എസിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുവാനുള്ള പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
ദേശീയ തലത്തില്‍ ഇടതു പക്ഷം വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആം ആദ്മി പോലുള്ള പാര്‍ട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും, യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇടതു മുന്നണി നടത്തുന്ന സമരങ്ങള്‍ തുടച്ചയായി പരാജയപ്പെടുന്നതും, വരാനിര്‍ക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പ്രധാനപ്പെട്ട രാഷ്ടീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം വി.എസ്.-പിണറായി വടം വലിയായി അധ:പതിക്കുന്ന കാഴ്ചയാണ് സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും കാണാനാവുന്നത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ശോഭകെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ ശക്തമായ ഔദ്യോഗിക നേതൃത്വത്തിന്റെ വി.എസ് വിരുദ്ധ നിലപാടും ബഹുന പിന്തുണയുള്ള നേതാവായ വി.എസ്.ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങളും ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തെ വിഷമസന്ധിയിലാക്കി. ഇരുപക്ഷത്തേയും നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്വി ജയിക്കുവാനുമാകുന്നില്ല.പാര്‍ട്ടി രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവ് എന്നതും ഒപ്പം വി.എസിനു ഉണ്ടെന്ന് കരുതപ്പെടുന്ന ജനകീയ പിന്തുണയാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും കേന്ദ്ര നേതൃത്വത്തെ പിന്‍തിരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. വി.എസിനു പകരം വെക്കുവാന്‍ ജനകീയനായ ഒരു നേതാവ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്താല്‍ അതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുവാന്‍ പാര്‍ട്ടി ഏറെ ബുദ്ധിമുട്ടേണ്ടിവരും. ബംഗാളില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഇനി ശക്തിയുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ കേരള ഘടകത്തെ പിണക്കിക്കൊണ്ട് ഒരു തീരുമാനം എടുക്കുവാനും പ്രകാശ് കാരാട്ടിനും സംഘത്തിനും ആകില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം