തിരുവനന്തപുരം: പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്നു വെക്കുമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട പിള്ള മകനും പാര്‍ട്ടിയുടെ മന്ത്രിയുമായ ഗണേശ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് തുറന്നടിച്ചത്. ഒമ്പതു മാസമായി പാര്‍ട്ടി മന്ത്രിയെ സഹിച്ചുവെന്നും അഹങ്കാരം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും പറഞ്ഞ പിള്ള മന്ത്രിയെ ജയിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ പോലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. യു. ഡി. എഫ് വകുപ്പുകള്‍ നല്‍കിയത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും പാര്‍ട്ടിക്ക് വിധേയനാകാത്ത, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ താങ്ങുവാന്‍ ഇനി കഴിയില്ലെന്നും തങ്ങളുടെ ആവശ്യം യു. ഡി. എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മകനെ സ്ഥാനാര്‍ഥിയാക്കിയത് ജീവിതത്തില്‍ സംഭവിച്ച വലിയ അബദ്ധമാണെന്നും താന്‍ തന്നെ യു. ഡി. എഫ് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവരുടെ കൂടെ അനുമതിയോടെ ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പിള്ള സൂചിപ്പിച്ചു.
അതേസമയം മന്ത്രിയെ മാറ്റണമെന്ന അര്‍. ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു. ഡി. എഫ് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രി ഗണേശ് കുമാര്‍ അടക്കം എല്ലാവരേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം