Saturday, May 14th, 2011

അധികാരം കോണ്‍ഗ്രസിനു മുള്‍കിരീടമാകും

oomen-chandy-ramesh-chennithala

തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചത്‌ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അത്ര ഗുണകരമല്ല. ഇരു മുന്നണികളെയും മാറി മാറി പരീക്ഷിച്ചിരുന്ന കേരള ജനത ഇത്തവണയും തനിയാവര്‍ത്തനമായി എന്ന് പറയുമ്പോഴും ഐക്യ മുന്നണിയുടെ ഈ വിജയത്തെ കേവലം സങ്കേതികതയില്‍ ഊന്നിയുള്ള ഒരു വിജയമായി കാണാനേ കഴിയുകയുള്ളൂവെന്ന് യു. ഡി. എഫുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്.  ഇടതു മുന്നണി ഇത്തവണ നല്ല മുന്നേറ്റം തന്നെ  നടത്തി. പാര്‍ട്ടി വി. എസിന്റെ വ്യക്തി പ്രഭാവം അംഗീകരിക്കുന്നില്ലെങ്കിലും കേരള ജനത അദ്ദേഹത്തെ സ്വീകരിച്ചു എന്നതിനു തെളിവാണ് ഈ മുന്നേറ്റം. ലോകസഭാ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റ്‌ പിന്നിലായിരുന്ന എല്‍. ഡി. എഫ്. ഇപ്പോള്‍ ഒപ്പത്തിനൊപ്പം എത്തി എന്നത് ചെറിയ കാര്യമല്ല. 

ഏറെ പ്രതീക്ഷക്ക് വകയില്ലായിരുന്ന ഇടതു മുന്നണി പരാജയം ഏറെ ക്കുറെ ഉറപ്പാക്കിയിരിക്കുമ്പോഴാണ് വി. എസിന്റെ ശക്തമായ ചില നടപടികള്‍ ഉണ്ടാകുന്നത്, ആദ്യമാദ്യം പാര്‍ട്ടി ഒരു തരത്തിലും സഹായിക്കാതിരിക്കുകയും എന്നാല്‍ ജന മനസുകളില്‍ വി. എസ്. എന്ന ചിത്രം കൂടുതല്‍ കൂടുതല്‍ പതിയുകയും ചെയ്തപ്പോള്‍ വി. എസിനെ പാര്‍ട്ടിക്ക് തള്ളി കളയാനാകില്ല എന്ന അവസ്ഥയുണ്ടായി. മറിച്ചായിരുന്നെകില്‍ ഗൌരിയമ്മക്കും എം. വി. രാഘവനും വന്ന അവസ്ഥ വി. എസിനും വരുമായിരുന്നു.

എന്നാല്‍ ജനകീയനായ മുഖ്യമന്ത്രി എന്ന സ്ഥാനം ദിനം പ്രതി വര്‍ദ്ധിച്ചു വരികയും പ്രതീക്ഷിച്ചതിലും അധികം ജന സമ്മതി വി. എസിന് ഉണ്ടാകുക കൂടി ചെയ്തപ്പോള്‍ ഔദ്യോഗിക പക്ഷത്തുള്ള സി. പി. എം. സ്ഥാനാര്‍ഥികള്‍ പോലും പതിവില്‍ വിപരീതമായി വി. എസിന്റെ പടം വെച്ച പോസ്റ്ററുകള്‍ ഇറക്കി. മറുപക്ഷത്ത് പ്രതിപക്ഷം എന്ന ഒരു വിഭാഗം തന്നെ ഇല്ലായിരുന്നു എന്ന അവസ്ഥയുമായിരുന്നു. ഐസ്ക്രീം വിവാദം, ബാലകൃഷ്ണപിള്ള ജയിലിലായത്, സുധാകരന്റെ ജഡ്ജി കൈകൂലി വിവാദം എന്നിങ്ങനെ നിരവധി വൈതരണികള്‍ നീന്തി കടക്കേണ്ടി വന്ന യു. ഡി. എഫിന് വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെ ആര് വായ തുറന്നാലും അത് വിവാദമാകുന്ന അവസ്ഥ ഏറെ ദോഷം ചെയ്തു.

കോണ്‍ഗ്രസ് രാഷ്ട്രീയപരമായി ഏറ്റവും തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നേതാക്കളുടെ ഒരു നീണ്ട നിര തന്നെ കേന്ദ്രത്തില്‍ ഉണ്ട്. ഇതിനെല്ലാം പുറമെ പരസ്പരം തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന ഗ്രൂപ്പ് നേതാക്കളുടെ കളികളും. വെറും 38 സീറ്റില്‍ കോണ്ഗ്രസ്സ് ഒതുങ്ങി എന്ന് പറയാം. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ തകര്‍ച്ചക്ക്  ഒരു വലിയ ഉദാഹരണമാണ്  ഒന്‍പത് ജില്ലകളില്‍ ഇവര്‍ പിന്നിലാണ് എന്നത്. 

പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ മികച്ച പ്രകടനത്തിനാണ് യു. ഡി. എഫിന്റെ ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടത്. മത്സരിച്ച 24 സീറ്റില്‍ ഇരുപതിലും ജയിച്ചു കയറി എന്ന് മാത്രമല്ല ഒട്ടു മിക്കയിടത്തും മികച്ച ഭൂരിപക്ഷവും നേടി. മികച്ച ഭൂരിപക്ഷം നേടിയ ആദ്യത്തെ മൂന്നു സ്ഥാനവും ലീഗിനാണ് എന്നത് വിജയ തിളക്കം വര്‍ദ്ധിപ്പിച്ചു. ഏറ്റവും പ്രതിസന്ധി യിലൂടെ കടന്നു പോയ സമയത്ത് തന്നെ ഈ വിജയം നേടാനായത് ലീഗിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങള്‍ക്കിടയിലും പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മികച്ച വിജയം ഒരു നല്ല പകരം വീട്ടലായി.

എന്നാല്‍ മന്ത്രിസഭ ഉണ്ടാക്കലും, ഭരണം നില നിര്‍ത്തുക എന്നതും യു. ഡി. എഫിന് ഭഗീരഥ പ്രയത്നം തന്നെയാണ്. എപ്പോഴും മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്ന കെ. എം. മാണിയെ പോലുള്ളവര്‍ നടത്തുന്ന എന്ത് വില പേശലുകളും സമ്മതിച്ചു കൊടുക്കേണ്ട അവസ്ഥ. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനു വലിയ തലവേദന സൃഷ്ടിക്കും.

25 ശതമാനം വരുന്ന പുതിയ വോട്ടര്‍മാരും, എന്നും നിഷ്പക്ഷമായി ചിന്തിക്കുന്നവരും ഇത്തവണ വി. എസില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു എന്നതിന് തെളിവാണ് ഈ മുന്നേറ്റം. വി. എസ്‌. ഇത്തവണ ചിത്രത്തില്‍ ഇല്ലായിരുന്നെങ്കില്‍ ബംഗാളിലെ സമാന സ്ഥിതി കേരളത്തിലും സംഭവിക്കുമായിരുന്നു. എന്നാല്‍ ഈ പരാജയം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് ഒരനുഗ്രഹമാണ്. രോഗി ആഗ്രഹിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന പോലെ വി. എസിനെ അകറ്റി നിര്‍ത്താനും എന്നാല്‍ പരാജയപ്പെട്ടില്ല എന്ന സ്ഥിതിയില്‍ നില്‍ക്കാനും കഴിഞ്ഞു.

പ്രതിപക്ഷത്തിരുന്നു കൊണ്ടു ഭരണ പക്ഷത്തെ നിരന്തരം ആക്രമിക്കുക എന്ന തന്ത്രമായിരിക്കും സി. പി. എം. പുലര്‍ത്തുക. അധികാര മോഹികളുടെയും, ഘടക കക്ഷികളുടെ അമിത സമ്മര്‍ദ്ദവും താങ്ങാനാവാത്ത അവസ്ഥയില്‍ ഇടയ്ക്കു വെച്ച് യു. ഡി. എഫിന് ഭരണം വിട്ടൊഴിഞ്ഞു പോകേണ്ടി വരുമെന്നും, ആ അവസരം വരെ കാത്തിരിക്കുകയുമാകും എല്‍. ഡി. എഫ്. ചെയ്യുക. അങ്ങിനെ വന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സി. പി. എമ്മിനെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കും. വി. എസിനെ അപ്പോഴേക്കും അകറ്റി നിര്‍ത്തുകയും കെ. എം. മാണി, ഷിബു ബേബി ജോണ്‍, വീരേന്ദ്ര കുമാര്‍ എന്നിവരെ അടര്‍ത്തി മാറ്റി ഭരണം കയ്കലാക്കുകയും ചെയ്യാം.

വി. എസിന് കുറച്ചു കൂടി അവസരം നല്‍കിയിരുന്നു എങ്കില്‍ വളരെ എളുപ്പത്തിലുള്ള ഒരു ഭരണ തുടര്‍ച്ച സാധ്യമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ വിഭാഗീയത ഇല്ലാതാക്കിയത് ഈ അവസരമാണ്. ഔദ്യോഗിക പക്ഷത്തിന്റെ  വി. എസിനോടുള്ള വിരോധം മുഴച്ചു നിന്ന ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത അവസ്ഥയില്‍ മാത്രമാണ് വി. എസിനൊപ്പം പാര്‍ട്ടി നിന്നത് എന്നത് ഇതിനോട് കൂട്ടി വായിക്കണം.

ബംഗാളിലെ പാര്‍ട്ടിയുടെ തകര്‍ച്ച വല്ലാതെ തളര്‍ത്തുന്ന അവസരത്തില്‍ കേരളത്തിലെ ഈ തെരഞ്ഞെടുപ്പ്‌ ഫലം എന്തു കൊണ്ടും പാര്‍ട്ടിക്ക്‌ അനുഗ്രഹം തന്നെയാണ്.

മന്ത്രി സഭാ രൂപീകരണം മുതല്‍ തന്നെ ഐക്യ മുന്നണിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത. ഒറ്റ അംഗ പാര്‍ട്ടികള്‍ക്ക് മന്ത്രി സഭയില്‍ അവസരം നല്‍കില്ല എന്ന് മുമ്പ്‌ കോണ്ഗ്രസ്സ് പറഞ്ഞത്‌ മാറ്റി പറയേണ്ടി വരും. ടി. എം. ജേക്കബ്‌, കെ. ബി. ഗണേഷ്‌ കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്ക്‌ ഉറപ്പായും മന്ത്രി സ്ഥാനം നല്‍കേണ്ടി വരും. കൂടാതെ രണ്ട് അംഗങ്ങള്‍ ഉള്ള സോഷ്യലിസ്റ്റ് ജനതാ ദള്‍ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കാം. അങ്ങിനെ വന്നാല്‍ എം. വി. ശ്രേയാംസ്‌ കുമാര്‍, കെ. പി. മോഹനന്‍ എന്നിവരും മന്ത്രിമാരാകും. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഇവര്‍ പരസ്പരം പഴി ചാരി മുന്നണി വിടാന്‍ സാധ്യത ഏറെയാണ്. ചുരുക്കി പറഞ്ഞാല്‍ രണ്ടു പേരെയും മന്ത്രിമാരാക്കലാകും ഭരണത്തിന് കൂടുതല്‍ സുരക്ഷിതം.

ഒന്‍പതു അംഗങ്ങളുള്ള കെ. എം. മാണി പരമാവധി നേടിയെടുക്കാന്‍ ശ്രമം നടത്തും. ഇടതു പക്ഷത്തു നിന്നും മാറി മാണി യുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ച പി. ജെ. ജോസഫ്‌ അടക്കം കുറഞ്ഞത് നാല് മന്ത്രി സ്ഥാനം മാണി ആവശ്യപ്പെടും. രമേശ്‌ ചെന്നിത്തലയാണ് മുഖ്യമന്ത്രി യാകുന്നത് എങ്കില്‍ ഉപ മുഖ്യമന്ത്രി സ്ഥാനവും, അല്ലാത്ത പക്ഷം തന്റെ മകന്‍ ജോസ്‌ കെ. മാണിക്ക്‌ കേന്ദ്ര മന്ത്രി പദവും മാണി ആവശ്യപ്പെട്ടേക്കാം.

മലപ്പുറത്ത്‌ മികച്ച വിജയം നേടി മുന്നണിയുടെ മാനം കാത്ത മുസ്ലിം ലീഗും കൂടുതല്‍ മന്ത്രി സ്ഥാനവും ആഭ്യന്തരം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും ആവശ്യപ്പെടും. ജാതി സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ച് മന്ത്രി സഭ രൂപീകരിക്കുക എന്നത് കോണ്‍ഗ്രസിനു കടുത്ത വെല്ലുവിളിയാണ്. ജെ. എസ്‌. എസ്.‌, സി. എം. പി. എന്നിവര്‍ നിയമ സഭയില്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിനു അല്‍പ്പം ആശ്വാസമായി എന്ന് പറയാം. ഈ വെല്ലുവിളികളും ഒപ്പം പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉണ്ടാകാന്‍ ഇടയുള്ള അവകാശ വാദങ്ങളും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും. മുള്‍ കിരീടമാണ് ആര് നയിച്ചാലും ഇപ്രാവശ്യത്തെ ഭരണം എന്നതില്‍ സംശയമില്ല.

തനിയാവര്‍ത്തനത്തെ ഇനിയും സ്വീകരിക്കുമെന്ന അന്ധ വിശ്വാസം പുലര്‍ത്തി അവസാന കാലത്ത് യു. ഡി. എഫിന് പിന്തുണ യുമായെത്തിയ എന്‍. എസ്. എസിന് ഈ വിജയം മധുരിക്കുന്നതാകില്ല. സമദൂരമെന്നത് വിജയിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കൊപ്പം തഞ്ചത്തില്‍ ചുവടു മാറ്റി ചവിട്ടുന്ന തന്ത്രമാണെന്ന് ഇത്തവണ തുറന്നു പറഞ്ഞ അബദ്ധം വിനയായി മാറിയെന്ന് സുകുമാരന്‍ നായര്‍ക്കെങ്കിലും മനസിലായി കാണും. കൊട്ടാരക്കരയിലെ പരാജയം എന്‍. എസ്‌. എസിന് ലഭിച്ച തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയ ഐഷാ പോറ്റി ഇത്തവണ കൂടുതല്‍ ഭൂരിപക്ഷം നേടിയത്‌ എന്‍. എസ്‌. എസിനെ കൂടിതല്‍ ആലോസപ്പെടുത്തും. നേതൃത്വത്തിന്റെ ആഹ്വാനങ്ങള്‍ ഒന്നും തന്നെ സമുദായ അംഗങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല എന്നത് ഇതോടെ തെളിഞ്ഞു. ജമാ അത്തെ ഇസ്ലാമി, എ. പി. വിഭാഗം സുന്നി, എസ്‌. എന്‍. ഡി. പി. എന്നിവരുടെ ആഹ്വാനങ്ങളൊന്നും കാര്യമായി ഗുണം ചെയ്തില്ല എന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ്‌ ഫലം തരുന്നത്.

ബി. ജെ. പി. ഇത്തവണയും അക്കൌണ്ട്‌ തുറന്നില്ല. മൂന്ന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്‌ എത്തി എന്നതൊഴിച്ചാല്‍ സംസ്ഥാനത്ത്‌ മൊത്തത്തില്‍ ബി. ജെ. പി. ക്ക്‌ കാര്യമായ വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത്തവണയും വോട്ടു മറിച്ചു വിറ്റ്‌ പാര്‍ട്ടിയുടെ പ്രതിച്ഛായ കളഞ്ഞു കുളിച്ചു എന്ന പരിഹാസം നേതൃത്വത്തിനെതിരെ വീണ്ടും ഉയരാനാണ് സാധ്യത. 

എന്നാല്‍ എസ്‌. ഡി. പി. ഐ. മത്സരിച്ച ഏകദേശം എല്ലായിടത്തും ആയിരത്തിനും നാലായിരത്തിനുമിടയില്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ഈ പാര്‍ട്ടിയുടെ നിശബ്ദമായ മുന്നേറ്റം കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine