മലപ്പുറം: ഏറനാട് മണ്ഡലത്തിലെ ദയനീയ പരാജയത്തിന്റെ വെളിച്ചത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പരാജയത്തിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണനെ നീക്കി. അസി. സെക്രട്ടറിയായ പി.പി. സുനീറിനെ ജില്ലാ സെക്രട്ടറിയാക്കി. അഡ്വ. കെ. മോഹന്‍ദാസ്, തുളസീദാസ് പി. മേനോന്‍ എന്നിവരാണ് അസി. സെക്രട്ടറിമാര്‍. വി. ഉണ്ണികൃഷ്ണനെ 13 അംഗ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.
ടി.കെ.സുന്ദരന്‍ മാസ്റ്റര്‍, പ്രഫ. ഇ.പി. മുഹമ്മദാലി, പി. മൈമൂന, പ്രഫ. പി. ഗൗരി, എം. അബൂബക്കര്‍, എ.പി. സുകുമാരന്‍, പി. സുബ്രഹ്മണ്യന്‍, പി.കെ. കൃഷ്ണദാസ്, പി.എം. വാസുദേവന്‍ എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. പാര്‍ട്ടി എക്‌സിക്യൂട്ടീവ് തീരുമാനം ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കാത്തതിനാലാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് എന്ന നിലയില്‍ ഏറനാട്ടില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാലാണ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.
ഈ വിഷയം സി.പി.എം നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ അത് പരിശോധിക്കുമെന്നാണ് കരുതുന്നത്. സ്വതന്ത്രന്‍ പി.വി. അന്‍വര്‍ തങ്ങള്‍ക്ക് സ്വീകാര്യനായിരുന്നില്ല. സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് അഷ്‌റഫലി കാളിയത്ത് സ്ഥാനാര്‍ഥിയായത്. തീരുമാനം ഏറനാട്ടില്‍ ജില്ലാ കമ്മിറ്റി നടപ്പാക്കിയില്ല. ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
പാര്‍ട്ടി വിട്ട് ലീഗില്‍ചേര്‍ന്ന അഡ്വ. എം. റഹ്മത്തുല്ല വലിയ നന്ദികേടാണ് കാട്ടിയത്. മുന്നണി ധാരണപ്രകാരം ഏറനാട് സീറ്റ് സി.പി.ഐക്കാണ്. അതിനാല്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അവകാശം പാര്‍ട്ടിക്കാണ്. ഏറനാട്ടില്‍മാത്രമാണ് എല്‍.ഡി.എഫ് വേണ്ടവിധം പ്രവര്‍ത്തിക്കാതിരുന്നത്. സി.പി.ഐ സ്ഥാനാര്‍ഥി ദുര്‍ബലനായിരുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചന്ദ്രപ്പന്‍ പ്രതികരിച്ചു. ജില്ലയുടെ ചുമതല പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന് നല്‍കിയതായും അദേഹം പറഞ്ഞു.
ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരും സംബന്ധിച്ചു. ഭൂരിപക്ഷ തീരുമാനപ്രകാരം പി.പി. സുനീറിനെ സെക്രട്ടറിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് അദ്ദേഹം. ഉച്ചക്ക്‌ശേഷം ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ സംസ്ഥാന നേതാക്കള്‍ തീരുമാനം അറിയിച്ചു. പാര്‍ട്ടി ഏറനാട് മണ്ഡലം കമ്മറ്റിയും പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയെ മാറ്റും. ഇതിനായി ജൂണ്‍ 20ന് ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍