കോഴിക്കോട്: എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും പ്രമുഖ സി.പി.എം നേതാവുമായ സി.എച്ച് അശോകന്‍ അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.40 നു ആയിരുന്നു അന്ത്യം. വിദ്യാര്‍ഥിയായിരിക്കെ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാണ് സി.എച്ച് രാഷ്ടീയ രംഗത്തേക്ക് കടന്നു വന്നത്. അക്കാലത്ത് പി.ആര്‍.കുറുപ്പിന്റെ അനുയായിയായിരുന്നു. മാടപ്പള്ളി കോളേജില്‍ നിന്നും ബി.എസ്.സി പഠനം പൂര്‍ത്തിയാക്കി. ലാന്റ് ട്രിബ്യൂണലില്‍ ജോലി കിട്ടി സര്‍ക്കാര്‍ ജീവനക്കാരനായതോടെ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകനായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തി. എന്‍.ജി.ഒ യൂണിയന്‍ വടകര താലൂക്ക് സെക്രട്ടറിയായി. പിന്നീട് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന ജെനറല്‍ സെക്രട്ടറിയുമായി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ നേതാവെന്ന നിലയില്‍ മികച്ച പ്രകടനമാണ് സി.എച്ച് അശോകന്‍ കാഴ്ചവെച്ചത്. ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഒഞ്ചിയം ഏരിയാസെക്രട്ടറി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.
ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി സി.എച്ച്.അശോകന്‍ പ്രവര്‍ത്തിച്ചു വരുമ്പോളാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ടി.പി.വധക്കേസില്‍ ഒമ്പതാം പ്രതിയായി. കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാല്‍ ഒഞ്ചിയത്തെ വീട്ടില്‍ പോകുവാന്‍ കഴിഞ്ഞിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കൃത്യമായി ഹജരാകാറുണ്ടായിരുന്ന സി.എച്ച്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അടുത്തിടെ കോടതിയില്‍ ഹാജരാകുവാന്‍ സാധിച്ചിരുന്നില്ല.
സി.എച്ചിന്റെ നിര്യാണത്തില്‍ രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.
- എസ്. കുമാര്‍
അനുശൊച്നം അറിയിക്കുനു.