തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി. ഡി. ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു.
ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങിനു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല.
കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും. കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സിനിമ, സ്ത്രീ