കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.
കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയവ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം