തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ ടീച്ചര്‍മാരോട് പച്ച ബ്ലൌസ് ഇട്ട് വരാന്‍ ഉത്തരവിട്ടതും, 33 എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതും, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി ലീഗുമായി ബന്ധമുള്ള ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുവാന്‍ ശ്രമിച്ചതുമെല്ലാം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ലീഗിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് പ്രമേയം വിമര്‍ശിച്ചിരിക്കുന്നത്. മലപ്പുറം ജില്ല മറ്റൊരു പാക്കിസ്ഥാനായി മാറുമെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസ്സ് പങ്കു വെയ്ക്കുന്നു.
പാമ്പ് കീരിയെ വേളി കഴിച്ചതു പോലെയാകും നായര്‍ – ഈഴവ ഐക്യമെന്നും, ഭരണത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഏതു സമുദായത്തിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാലും അത് മുളയിലേ നുള്ളണമെന്നും പ്രമേയം പറയുന്നു. ഒഞ്ചിയത്തെ ടി. പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കുന്ന പ്രമേയം ആ സംഭവത്തോടെ കൊലപാതക രാഷ്ടീയത്തിനെതിരെ മുഴുവന്‍ സ്ത്രീകളും നിലയുറപ്പിച്ചതിന്റെ ഫലമായാണ് ഇടത് എം. എല്‍. എ. യെ കോണ്‍ഗ്രസ്സ് എം. എല്‍. എ. ആക്കിയതെന്നും വ്യക്തമാക്കുന്നു. ഡി. സി. സി. പ്രസിഡണ്ട് സ്ഥാനത്തിൽ ഒരെണ്ണം സ്ത്രീകള്‍ക്ക് നീക്കി വെയ്ക്കണമെന്നും കെ. പി. സി. സി. – ഡി. സി. സി. പുനസംഘടനയില്‍ 33 ശതമാനം സംവരണം വനിതകള്‍ക്ക് നല്‍കുണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്ന ജോര്‍ജ്ജ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് അനിത വര്‍മ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഡോ. പുരന്ദരേശ്വരി മുഖ്യാതിഥിയായ ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. ഷാനിമോള്‍ ഉസ്മാൻ ,ശശി തരൂര്‍ എം. പി., വി. എം. സുധീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, സ്ത്രീ