കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം, സ്ത്രീ