കൊച്ചി: അസോഷ്യേറ്റ് എഡിറ്ററായിരിക്കെ ദേശാഭിമാനിയില്‍ നിന്നും പിരിച്ചുവിട്ട അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ശമ്പളം നിഷേധിച്ച തിയതി മുതല്‍ പെന്‍ഷന്‍ പ്രായം പൂര്‍ത്തിയാകുന്ന തിയതി വരെ ഉള്ള ശമ്പളം നല്‍കണമെന്ന് നേരത്തെ എറണാകുളം ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ദേശാഭിമാനി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതു തള്ളിക്കൊണ്ട് ജസ്റ്റിസ് എസ്.സിരിജഗന്‍ വള്ളിക്കുന്നിനു അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രമുഖ രാഷ്ടീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനും മുന്‍ സി.പി.എം നേതാവുമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ആശയ പരമായ ഭിന്നതയെ തുടര്‍ന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
2005 ഡിസംബര്‍ 20 നു വിരമിക്കേണ്ടിയിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ 1998 നവമ്പര്‍ ഒന്നിനാണ് ദേശാഭിമനി പുറത്താക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു എന്നുള്ള വാദത്തോട് കോടതി വിയോജിച്ചു. ഹാജരാകാതിരുന്നതിനു ഏഴു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശദീകരണം ചോദിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും അതിനാല്‍ ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഡ്വ. എ ജയശങ്കര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനു വേണ്ടി ഹാജരായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, വിവാദം