തൃശ്ശൂര്‍ : വടക്കുംനാഥന്റെ ആകാശത്ത് ഇന്ന് രാത്രി അഗ്നിയുടെ ആകാശപ്പൂരം നടക്കും. പ്രധാന വെടിക്കെട്ടിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ എത്തുക ഇന്നത്തെ സാമ്പിള്‍ വെടിക്കെട്ടിനാണ്. തിരുവമ്പാടിയും പാറമേക്കാവും പരസ്പരം മത്സര വീര്യത്തോടെ ആണ് വെടിക്കെട്ടൊരുക്കുക.
ആദ്യം തിരുവമ്പാടി യായിരിക്കും വെടിക്കെട്ടിനു തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് മണിയാണ് വെടിക്കെട്ടൊരുക്കുന്നത്. മാജിക് വണ്ടര്‍ എന്നൊരു ഐറ്റം മണി പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. പാറമേക്കാവിനു വേണ്ടി അത്താണി ദേവസിയാണ് വെടിക്കെട്ടൊരുക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ശബ്ദത്തേക്കാള്‍ പ്രധാന്യം വര്‍ണ്ണങ്ങള്‍ക്കായിരിക്കും. നിയന്ത്രണങ്ങളെ തുടര്‍ന്ന് “ഗര്‍ഭം കലക്കി“ യൊക്കെ ചരിത്രത്തിന്റെ ഭാഗമായി. ഇന്നിപ്പോള്‍ ആകാശത്തേക്ക് ഉയരുന്ന അമിട്ടുകള്‍ ചുവപ്പും, മഞ്ഞയും, പച്ചയും, നീലയുമൊക്കെയായി വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പോള്‍ ആയിരങ്ങള്‍ ആവേശം കൊണ്ട് ആര്‍ത്തിരമ്പും.
സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ്, ലിതിയും കാര്‍ബണേറ്റ്, സോഡിയം നൈട്രേറ്റ് തുടങ്ങി വിവിധ ഇനം കെമിക്കലുകളാണ് ഈ നിറപ്പകര്‍ച്ചകള്‍ക്ക് പിന്നിലെ രാസക്കൂട്ട്. മാസങ്ങളുടെ അദ്ധ്വാനമാണ് പൂരപ്പറമ്പിലെ കാണികള്‍ക്ക് മുമ്പില്‍ ശബ്ദമായും വര്‍ണ്ണമായും വിസ്മയം തീര്‍ക്കുന്നത്. ബിരുദവും ഡോക്ടറേറ്റും എടുത്തവരല്ല, മറിച്ച് കഴിവു തെളിയിച്ച വെടിക്കെട്ട് കലാകാരന്മാരുടെ കണക്കും കര വിരുതും മാത്രം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് വെടിക്കെട്ടിന്റെ ഒരോ ഘട്ടവും. മരുന്ന് അരയ്ക്കുന്നതു മുതല്‍ അതിനു തിരി കൊളുത്തുന്നതു വരെ ഈ ജാഗ്രത വേണം. ഒരു തരി പിഴവു സംഭവിച്ചാല്‍ വലിയ അപകടമാണ് ഉണ്ടാകുക.
ഓലപ്പടക്കവും, ഗുണ്ടും, അമിട്ടും എല്ലാം അടങ്ങുന്നതാണ് പൂരത്തിന്റെ വെടിക്കെട്ട്. അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ലക്ഷക്കണക്കിനു ഓലപ്പടക്കമാണ് പൊട്ടിക്കുക. കര്‍ശനമായ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് എക്സ്പ്ലോസീവ് വിഭാഗം അടക്കം സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഫയര്‍ഫോഴ്സും പോലീസും ജനങ്ങളെ നിയന്ത്രിക്കുവാനും അപകടം ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്കായി ഫയര്‍ എഞ്ചിനും ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. പൂരം വെടിക്കെട്ടിനെതിരെ പലരും കോടതിയെ സമീപിക്കാറുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും വെടിക്കെട്ട് നിര്‍ത്തി വെയ്ക്കുവാന്‍ കോടതി ഇതു വരെ തയ്യാറായിട്ടില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം
വെടിക്കെട്ട് അനാവശ്യ ധൂര്‍ത്ത് ആണ്. എത്ര പണമാണ് വെറുതെ ചിലവിടുന്നത്. കോടിക്കണക്കിനു പണം ചിലവിട്ടാണ് ഈ ഉത്സവങ്ങള്‍ കൊണ്ടാടുന്നത്.
പ്രോത്സാഹിപ്പിക്കരുത്.