തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വിവിധയിടങ്ങളില്‍ കാലവര്‍ഷ ക്കെടുതിയില്‍ ഒരാള്‍ മരിച്ചതടക്കം കൃഷിക്കും വീടുകള്‍ക്കും കനത്ത നാശം തുടരുന്നു. തിരുവനന്തപുരം പൂന്തുറയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. ആലപ്പുഴയിലും, തൃശ്ശൂരിലും കടലാക്രമണ ഭീതി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കടല്‍ഭിത്തിയെ മറികടന്ന് കടല്‍ വെള്ളം കരയിലേക്ക് കയറുന്നുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതു മൂലം നിരവധി വീടുകള്‍ വെള്ളത്തി നടിയിലായി. മരങ്ങള്‍ കട പുഴകി വീണ് സംസ്ഥാന ത്തുടനീളം അഞ്ഞൂറില്‍ അധികം വീടുകള്‍ക്ക് നാശം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണ കമ്പികള്‍ പൊട്ടി.
മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഏക്കറു കണക്കിനു കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാഞ്ഞാര്‍ – പുള്ളിക്കാനം സംസ്ഥാന പാതയില്‍ ഈട്ടിക്കാനത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. വൈകീട്ട് കാഞ്ഞാര്‍ – പുള്ളിക്കാനം പോട്ടങ്ങാത്തോടിനു സമീപം ഉരുള്‍പൊട്ടി വെള്ളവും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് കുതിച്ചെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറ് അല്പദൂരം വെള്ളത്തില്‍ ഒലിച്ചു പോയി. സമീപത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ട് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് ഇനിയും മഴ കനക്കുവാന്‍ ഉള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ