തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സ്വമേധയാ പോലീസ് കേസെടുത്തു. മണക്കാടു മുതല്‍ പഴവങ്ങാടി വരെ ഉള്ള റോഡില്‍ കൂട്ടം കൂടിയതിന്റെയും അടുപ്പു കൂട്ടിയതിന്റേയും പേരിലാണ് കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെ കേസ്. പൊതുനിരത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെ കേസെടുത്തതു സംബന്ധിച്ച് ഫോര്‍ട്ട് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ടു നല്‍കിയതായാണ് സൂചന. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിരുന്നതാണ്. എന്നിട്ടും ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതില്‍ ഭക്ത ജനങ്ങള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാറിന്റെ അറിവോടെ അല്ലെന്നും, സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കാറുള്ളത്.
- എസ്. കുമാര്‍