കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ഐ.എന്‍.എ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. ശിവപുരം സ്വദേശി പി.വി. അബ്ദുള്‍ അസീസ്, കോട്ടപ്പുറം സ്വദേശി എ.വി. ഫഹദ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കേസില്‍ പ്രതികളായ ഏതാനും പേരെ പിടികൂടാന്‍ ഉണ്ട്. 2013 ഏപ്രില്‍ 23 നാണ് തണല്‍ ചാരിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പോലീസ് റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്നും ഇവര്‍ക്ക് വിദേശത്തു നിന്നും ധനസഹായം ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആയുധ പരിശീലനം നല്‍കല്‍, സാമുദായിക സ്പര്‍ധക്ക് ശ്രമം നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.
റെയ്ഡില്‍ വെടിയുണ്ട, വെടിമരുന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, നാടന്‍ ബോംബ്, വടിവാള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവിടെ ആയുധപരിശീലനം നടത്തിയിരുന്നതായും സൂചനയുണ്ട്. അടുത്തിടെ പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിന്റെ ബന്ധു ഈ കെസിലെ പ്രതി കമറുദ്ദീനു പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചതായും ഐ.എന്‍.എ കുറ്റപത്രത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഐഡന്‍റിറ്റി കാര്‍ഡുകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം, പോലീസ്