തൃശ്ശൂര്‍: കവിയും ഗാന രചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.ഇന്നലെ വൈകീട്ട് 5.30 ന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബ്രോങ്കോ ന്യൂമോണിയയാണ് മരണ കാരണം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ആഴ്‌ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ക്കും തകരാറു സംബവിച്ചിരുന്നു. ഇന്ന് രാവിലെ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ടീയ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
1934- മെയ് 16 തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയിലെ പ്രശസ്തമായ ഒരു മുസ്ലിം കുടുമ്പത്തില്‍ ചീമ്പയില്‍ അഹമ്മദിന്റേയും ഏലം കുളം നജ്‌മക്കുട്ടിയുടേയും മകനായാണ് യൂസഫലി ജനിച്ചത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും ബി.എ, തുടര്‍ന്ന് എറണാകുളം ലോകോളേജില്‍ നിന്നും ബി.എല്‍ ബിരുധം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കോഴിക്കോട് ആകാശ വാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി സേവനം അനുഷ്ടിച്ചിട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, സംഗീത നാടക അക്കാദമി അസി.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1954 മുതല്‍ കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുവാന്‍ തുടങ്ങി. സംസ്കൃതത്തില്‍ അഗാധമായ പാണിണ്ഡിത്യം ഉണ്ടായിരുന്നു. കെ.പി.നാരായണ പിഷാരടിയായിരുന്നു ഗുരു. 1964-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാന രചനയിലേക്ക് കറ്റന്നു. പ്രണയത്തെയും ഭക്തിയേയും പ്രമേയമാക്കി യൂസഫലി രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറോളം ചലച്ചിത്രങ്ങള്‍ക്കായി എഴുന്നൂറോളം ഗാനങ്ങള്‍ അദ്ദെഹം രചിച്ചു. സംസ്കൃതത്തില്‍ സിനിമാ ഗാനം എഴുതിയ ഒരേ ഒരു ഇന്ത്യന്‍ കവി അദ്ദേഹമാണ്. സൈനബ എന്ന ഖണ്ഡകാവ്യം ഏറെ പ്രശസ്തമാണ്.
2000-ല്‍ മഴ എന്ന ചിത്രത്തിലെ ഗേയം ഹരിനാമധേയം എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ജന്മാഷ്ടമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം,ബാലാമണിയമ്മ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.ആയിരം നാവുള്ള മൌനം, കേച്ചേരിപ്പുഴ, അഞ്ച് കന്യകകള്‍, പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോലെ എന്നിവയാണ് പ്രധാന കൃതികള്‍.
തിരക്കഥ രചനയിലേക്കും സംവിധാനത്തിലേക്കും കടന്ന യൂസഫലി ഏതാനും സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സിന്ദൂരച്ചെപ്പ്,മരം വനദേവത, നീലത്താമര എന്നിവ അദ്ദേഹം നിര്‍മ്മിക്കുകയും സിന്ദൂരച്ചെപ്പ് ഒഴികെ ഉള്ള സിനിമകള്‍ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. സിന്ദൂരച്ചെപ്പിനും, മരത്തിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഖദീജയാണ് ഭാര്യ, മക്കള്‍ അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, ബഹുമതി, സാഹിത്യം, സിനിമ