തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചൊവ്വാഴ്ച്ചയോടെ ഫാനി ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും ആന്ധ്ര, തമിഴ്‌നാട് തീരത്തേക്കടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് തമിഴ്‌നാട്-ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച്ച രാത്രിയോടെ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈയില്‍ നിന്ന് 1250 കിലോമീറ്റരും ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുനിന്ന് 880 കിലോമീറ്ററും ദൂരത്താണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. 170 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഫാനി വീശാന്‍ സാധ്യതയുള്ളതായാണ് അറിയിച്ചിരിക്കുന്നത്.
ഇന്ന് മുതല്‍ കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 29,30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഏപ്രില്‍ 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് കാണുന്നത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. തീരപ്രദേശത്തെ അനേകം വീടുകള്‍ കടല്‍ കയറി പൂര്‍ണമായും നശിച്ചു. പലയിടത്തും തീരത്ത് നിന്ന് 10 മീറ്ററോളം കടല്‍ കരയിലേക്ക് കയറി. ഇതോടെ പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ചുഴലിക്കാറ്റ്, പരിസ്ഥിതി