കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. എ. റൌഫ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ചാനലുകളിലൂടെ പുറത്തു വന്നു. ജഡ്‌ജിമാരെയും അഭിഭാഷകരേയും ഇരകളേയും മറ്റും സ്വാധീനിച്ച് കേസ് അട്ടിമറിക്കുവാന്‍ ശ്രമിച്ചതടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ കേസില്‍ ഒരു ഘട്ടത്തില്‍ വിധി പറഞ്ഞ ജസ്റ്റിസ് തങ്കപ്പന്‍ വായിച്ചത് അഡ്വ. അനില്‍ തോമസ് തയ്യാറാക്കി നല്‍കിയതാണെന്നും. ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണക്കുറുപ്പ് മുന്‍ അഡ്വ. ജനറല്‍ എം. കെ. ദാമോദരന്‍ എന്നിവര്‍ക്ക് പി. കെ. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നതായി റൌഫിന്റെ മൊഴിയില്‍ പറയുന്നു. എം. കെ. ദാമോദരന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള മലബാര്‍ അക്വ ഫാമിന്റെ ബാധ്യത 69 ലക്ഷത്തില്‍ നിന്നും 32.5 ആക്കി വെട്ടിക്കുറയ്ക്കുകയും ഈ തുക രണ്ടു തവണയായി എം. കെ. ദാമോദരന് നല്‍കുകയും ചെയ്തുവെന്നും റൌഫ് വ്യക്തമാക്കുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനു ഒരു കോടി രൂപ വരെ നല്‍കുവാന്‍ തയ്യാറായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മരുമകന്‍ അഞ്ചു ലക്ഷം രൂപ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മൊഴിയില്‍ പറയുന്നു. കോതമംഗലം പെണ്‍വാണിഭക്കേസ് ഒതുക്കുവാന്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കിയതായും റൌഫ് മൊഴിയില്‍ പറയുന്നു. 164 പ്രകാരം മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കുന്ന മൊഴി മാറ്റുവാന്‍ സാധ്യമല്ല.