തിരുവനന്തപുരം: കാര്യക്ഷമതയില്ലാത്ത ബോട്ട് വാങ്ങിയതില്‍ കെ.ടി.ഡി.സിക്ക് വീഴ്ചപറ്റിയെന്നും ബോട്ടിന്റെ രൂപകല്‍പനയിലെ അപാകവും കാര്യക്ഷമതയില്ലായ്മയുമാണ് തേക്കടി ബോട്ട് ദുരന്തത്തിന് ഇടയാക്കിയതെന്നും പറയുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ഇ. മൊയ്തീന്‍ സര്‍ക്കാരിന് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 22 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 232 പേജ് വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. അപകടമുണ്ടാകുന്ന സമയത്ത് യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി ബോട്ടുകളില്‍ സുരക്ഷാ സംവിധാനം സജ്ജമാക്കണമെന്നും വിനോദ സഞ്ചാരത്തിനായി സര്‍ക്കാരിന്റെ അധീനതയിലുള്ള ബോട്ട് മാത്രമേ ഉപയോഗിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. 40 ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വിഘ്‌നേശ്വര മറൈന്‍ എന്‍ജിനിയറിങ് കമ്പനിയാണ് കെ.ടി.ഡി.സിക്ക് ബോട്ട് നിര്‍മിച്ചുനല്‍കിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ട് വാങ്ങിയത്. തേക്കടി തടാകത്തില്‍ 2009 സപ്തംബര്‍ 30ന് കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ഫൈബര്‍ ബോട്ട് മറിഞ്ഞ് 45 യാത്രക്കാരാണ് അന്ന് മരിച്ചത്.
-