കാസര്‍കോട്: ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററും സി പി എം ജില്ലാ കമ്മിറ്റിയംഗവുമായ രമേശനെതിരെ നടപടി വേണമെന്ന് ശനിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി.
മകളുടെ മെഡിക്കല്‍ സീറ്റ് വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നേരത്തെ ഡി വൈ എഫ് ഐയുടെയും യോഗത്തിലും രമേശനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
കാസര്‍കോട്ടെ ഒരു സായാഹ്നപത്രത്തിന്റെ എഡിറ്ററായ അരവിന്ദന്‍ മാണിക്കോത്താണ് രമേശനെതിരെ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വന്നത്. രമേശന്റെ ഭൂസ്വത്ത് സംബന്ധിച്ച കണക്കുകളും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. രമേശന് അഞ്ച് കോടി നാല്‍പത്തിയൊമ്പത് ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ബിനാമി പേരില്‍ രമേശന് കോടികളുടെ സ്വത്തുണ്ടെന്ന് ആരോപിച്ച് അരവിന്ദന്‍ മാണിക്കോത്ത് നടത്തിയ വാര്‍ത്താസമ്മേളനം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
എന്‍ ആര്‍ ഐ ക്വാട്ടയില്‍ 50 ലക്ഷം രൂപ നല്‍കി മകള്‍ക്ക് എം ബി ബി എസ് പ്രവേശനം തരപ്പെടുത്തിയതോടെയാണ് രമേശന്‍ വിവാദനായകനാകുന്നത്. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രമേശന്‍ സീറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രമേശനെ സംരക്ഷിക്കുന്നത് ഇ പി ജയരാജന്‍ ആണെന്നും ആരോപണവും ഉയര്‍ന്നിരുന്നു.