കോഴിക്കോട് : ഇന്റര്‍നെറ്റ്, ഫേസ്ബുക്ക് എന്നിവയുടെ സാദ്ധ്യതകള്‍ ലോകം ഫലപ്രദമായി ഉപയോഗിക്കുന്നത് നാം ടുണീഷ്യയിലും, ഇറാനിലും, ഈജിപ്റ്റിലും കണ്ടു. മുല്ല വിപ്ലവത്തിന്റെ വിത്തുകള്‍ ആദ്യമായി പാകിയത് ഇന്റര്‍നെറ്റിലെ വെബ് സൈറ്റുകളില്‍ ആയിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ജനം ആഞ്ഞടിക്കുമ്പോള്‍ അവര്‍ക്ക് സംഘടിതരാകാനും ആഗോള പിന്തുണ സംഭരിക്കാനും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ കരുത്തേകി.
ഇത്തരം സാദ്ധ്യതകളുടെ മറ്റൊരു ആശാവഹമായ മുഖമാണ് പൂര്‍ണ്ണിമയുടെ കാര്യത്തിലും കണ്ടത്. ബസ് തട്ടി നട്ടെല്ല് തകര്‍ന്നു കിടപ്പിലായ പൂര്‍ണ്ണിമ ഏറെ നാള്‍ ശ്വാസം കഴിച്ചത് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു. വിദ്യാര്‍ത്ഥിനിയായ പൂര്‍ണിമ ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് ഒരു ബസിന്റെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നിരുന്നത് പൂര്‍ണ്ണിമയുടെ കഴുത്തില്‍ തട്ടി നട്ടെല്ലിന് ക്ഷതം സംഭവിച്ചത്.
ശ്വാസം കഴിക്കാനുള്ള ശേഷി നഷ്ടപ്പെട്ട പൂര്‍ണ്ണിമയെ രണ്ടു തവണ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൃത്രിമമായി ശ്വാസം കഴിക്കാനുള്ള ഉപകരണമായ ഡയഫ്രമാറ്റിക് പേസ് മേക്കര്‍ ഘടിപ്പിക്കുക എന്നതാണ് പൂര്‍ണ്ണിമയ്ക്ക് വെന്റിലേറ്ററിന്റെ സഹായം ഇല്ലാതെ ശ്വാസം കഴിക്കുവാനുള്ള പോംവഴി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ ഇതിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ പൂര്‍ണ്ണിമയുടെ മാതാ പിതാക്കള്‍ക്ക് കഴിവില്ലായിരുന്നു.
ഈ വിവരം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്‍പില്‍ ഈമെയില്‍ വഴിയും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വഴിയും രണ്ടു സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് വഴിയും എത്തിയതോടെ ലോകമെമ്പാടുമുള്ള സഹൃദയര്‍ പൂര്‍ണ്ണിമയുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി.
പലരും ഈ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയുണ്ടായി എന്ന് പൂര്‍ണ്ണിമയുടെ അമ്മ പ്രസന്ന കുമാരി പറയുന്നു.
അപകടം സംഭവിച്ചു നാല്‍പ്പതോളം ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഏതാനും മണിക്കൂര്‍ സ്വന്തമായി ശ്വാസം കഴിച്ചു. ഇതൊരു ശുഭ സൂചനയാണ് എന്നാണ് പൂര്‍ണ്ണിമയെ ചികില്‍സിക്കുന്ന മിംസ് (Malabar Institute of Medical Sciences – MIMS) ലെ ഡോക്ടറായ ഡോ. ശങ്കര്‍ പറയുന്നത് എന്നും പൂര്‍ണ്ണിമയുടെ അമ്മ പറഞ്ഞു.
ശ്വസനത്തിന് ആവശ്യമായ ഞരമ്പുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണെങ്കില്‍ സ്വന്തമായി ശ്വസിക്കാനുള്ള ശേഷി വീണ്ടെടുക്കാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുവാന്‍ സാദ്ധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിനായുള്ള പ്രാര്‍ഥനയിലാണ് ഈ കുടുംബം ഇപ്പോള്‍. ഈ പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും നിന്നുമുള്ള സഹൃദയരോടൊപ്പം ഇവരെ ആശ്വസിപ്പിച്ച e പത്രം വായനക്കാരും പങ്കു ചേരുന്നു.