തിരുവനന്തപുരം : ആരോഗ്യത്തിന്ന് ഹാനികരമായ രീതിയില്‍, വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ഷവർമ്മ ഉണ്ടാക്കുന്നതും വിൽപന നടത്തുന്നതും നിയന്ത്രിക്കുവാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഭക്ഷ്യ വിഷബാധ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ്മ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.
എഫ്. എസ്. എസ്. എ. ഐ. (FSSAI) അംഗീകാരം ഉള്ള വ്യാപാരികളിൽ നിന്നും മാത്രമേ ഷവർമ്മക്കുള്ള ഉൽപ്പന്നങ്ങൾ വാങ്ങാന്‍ പാടുള്ളൂ. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഷവര്‍മ്മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. പാർസൽ നൽകുന്ന ഷവർമ്മ പാക്കറ്റുകളില്‍ അത് ഉണ്ടാക്കിയ തീയ്യതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കുവാന്‍ പാടില്ല എന്നും രേഖപ്പെടുത്തണം.
ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചു എന്ന് ഉറപ്പു വരുത്തണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം. ഷവര്‍മ്മക്ക് ഉപയോഗിക്കുന്ന ഇറച്ചി മുറിക്കുവാന്‍ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഇതിന്‍റെ സ്റ്റാൻഡ് വൃത്തി യുള്ളതും പൊടി പിടിക്കാത്തതും ആയിരിക്കണം.
മയോണൈസ് ഉണ്ടാക്കാൻ പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ ഉപയോഗിക്കാവൂ. പുറത്തെ താപ നിലയിൽ 2 മണിക്കൂറില്‍ അധികം മയോണൈസ് വെക്കാന്‍ പാടില്ല. ഉപയോഗിച്ച ശേഷം ബാക്കി വരുന്ന മയോണൈസ്സ് 4 ഡിഗ്രി സെല്‍ഷ്യസിൽ സൂക്ഷിക്കണം. 2 ദിവസത്തിനു ശേഷം ഇവ ഉപയോഗിക്കുവാനും പാടില്ല. ബ്രഡിലും ഖുബ്ബ്സിലും അവയുടെ ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം.
തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. ഷവര്‍മ്മ ഉണ്ടാക്കുന്നവർ ഗ്ലൗസ്സ്, ഹെയർ ക്യാപ് എന്നിവ ധരിക്കണം. തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തണം.