കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന അവഗണനയ്ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിമാന താവളത്തിലേയ്ക്ക് മാര്‍ച്ച് നടത്തി. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തതിന് എതിരായിട്ട് കോഴിക്കോട് നിന്നും ചേംബര്‍ ഓഫ് കൊമ്മേഴ്സ്, സി.പി.ഐ.(എം.), സി. പി. ഐ., പ്രവാസി സംഘം, പ്രവാസി മലയാളി പഠന കേന്ദ്രം എന്നിങ്ങനെ നിരവധി സംഘടനകള്‍ പങ്കെടുത്തു കൊണ്ടുള്ള വമ്പിച്ച മാര്‍ച്ച് മേയര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ വന്‍ തോതിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
മേയര്‍ എം. ഭാസ്കരന്‍ മാര്ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, എം.എല്‍.എ. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേയറും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, എം.എല്‍.എ. യും ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിവേദനം സമര്‍പ്പിച്ചു.
എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുക വഴി പ്രവാസികളായ യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെതിരെ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് എം.എല്‍.എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഇതിനു പുറമേ വിമാന താവളത്തിന്റെ വികസനവും നിവേദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം.എ. ജോണ്സന്‍ e പത്ര ത്തോട് പറഞ്ഞു. ഒരു മലമുകളില്‍ പരിമിതമായ സ്ഥലത്ത് ടേബിള്‍ ടോപ് റണ്‍ വേ നിലവിലുള്ള വിമാന താവളമാണ് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവളം. ഇതിന്റെ വികസനത്തിനായി വേണ്ട സ്ഥലമെടുപ്പും മറ്റു കാര്യങ്ങളുമൊക്കെ നീണ്ടു പോവുകയാണ്. ഇതിനു പരിഹാരമായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയത് പോലെ, കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയെ ചുമതലപ്പെടുത്തണം എന്ന നിര്‍ദ്ദേശവും നിവേദനത്തിലുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഇനിയും പ്രവര്‍ത്തന ക്ഷമമാക്കേ ണ്ടതുണ്ട്. ഇന്‍സ്ട്രുമെന്റ് ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമം അല്ലാത്തതിനാല്‍ പല വിമാനങ്ങള്‍ക്ക് ഈ വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവുന്നില്ല. ഇത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര പദവി തന്നെ നഷ്ടപ്പെടാന്‍ കാരണമായേക്കും. ഇതിനെതിരെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ് എന്നും എം. എല്‍. എ. പ്രദീപ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
136 ഏക്കര്‍ ഭൂമി ഏറ്റെടുക്കേ ണ്ടതായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലാണ് നീങ്ങുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ത്വരിതപ്പെടുത്തുന്നതിന് കേരളത്തിലെ ഒരു മന്ത്രിക്ക് ചുമതല നല്‍കണം എന്നാണു നിവേദനത്തിലെ ആവശ്യം.
ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി. ടി. അബ്ദുള്‍ ലത്തീഫ്, ടി. വി. ബാലന്‍, പ്രൊഫ. എ. കെ. പ്രേമജന്‍, എം.എ. ജോണ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.