വിശ്വ സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മക്ക് മുമ്പില്‍ മലയാളത്തിന്റെ ആദരാഞ്ജലികള്‍.
ബഷീറിന്റെ ഏറെ പ്രശസ്തമായ കഥ ഒരു മനുഷ്യന്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു:
ഒരു മനുഷ്യന്‍
നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂര ദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍, ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസ പ്രവൃത്തികളും ചെയ്യും.
അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു… കാലം വളരെ കഴിഞ്ഞു പോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കും… അയാള്‍ എന്തിനങ്ങനെ ചെയ്തു?
ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാ ക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് – പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍, ഇതു നമ്മള്‍ മറന്നു പോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.
ഞാനാ നിസ്സാര സംഭവം ഇവിടെ പറയാം:
ഇവിടെ നിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടു കാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരു കേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകങ്ങള്‍, കൂട്ടക്കവര്‍ച്ച, പോക്കറ്റടി – ഇതെല്ലാം നിത്യ സംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറം രാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍, വലിയ ആഫീസുകള്‍, ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.
പണം അവിടെയും വലിയ കാര്യമാണ്. അതിനു വേണ്ടി എന്തും ചെയ്യും; ആരെയും കൊല്ലും!
ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്; രാത്രി ഒമ്പതര മണി മുതല്‍ പതിനൊന്നു മണി വരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.
പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണ വരെ ഫീസാണ്.
അതില്‍നിന്നു രക്ഷ നേടാനും വേണ്ടി വന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.
ആ കാലത്തു ഞാന്‍ പകല്‍ നാലു മണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.
അങ്ങനെ പതിവു പോലെ ഞാന്‍ നാലു മണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടു പോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.
ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍ – വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.
ഞാന്‍ അതു കൊടുക്കാനായി കോട്ടു പോക്കറ്റില്‍ കയ്യിട്ടു… ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചു പോയി. എന്താണെന്നുവെച്ചാല്‍ കോട്ടു പോക്കറ്റില്‍ പേഴ്‌സ് ഇല്ല!
ഞാന്‍ വിഷമത്തോടെ പറഞ്ഞു:
‘എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!’
വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:
‘ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ… നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍ !’
ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!
കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!
ഞാന്‍ പറഞ്ഞു: ‘എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടു വരാം.’
ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.
എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.
ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.
ഷൂസു രണ്ടും അഴിച്ചു വെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചു വെച്ചു.
ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.
അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.
ഞാന്‍ പറഞ്ഞു:
‘അടിയിലൊന്നുമില്ല.’
എല്ലാവരും ചിരിച്ചു.
ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:
‘എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!’
ഒരു അന്‍പതു പേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: ‘അടിയിലെന്തെങ്കിലും കാണും!’
എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ… ഓ… പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ …! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ… എല്ലാം ശുഭം… മംഗളം!
ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.
‘നില്‍ക്കൂ; ഞാന്‍ പണം തരാം!’
എല്ലാവരും ആ ഭാഗത്തേക്കു നോക്കി.
ചുവന്ന തലപ്പാവും കറുത്ത കോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടി പൊക്കക്കാരന്‍. കൊമ്പന്‍ മീശയും നീലക്കണ്ണുകളും…
ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടു വന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:
‘എത്രയുണ്ടെന്നാ പറയുന്നത്?’
‘മുക്കാല്‍ രൂപയോളം!’
അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:
‘എല്ലാം ധരിക്കൂ.’
ഞാന്‍ ധരിച്ചു.
‘വരൂ.’ അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:
‘അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!’
അയാള്‍ ചിരിച്ചു.
‘പേരെന്താ?’ അയാള്‍ ചോദിച്ചു.
ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു.
ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പേരില്ല!’
ഞാന്‍ പറഞ്ഞു:
‘എങ്കില്‍… ദയവ് എന്നായിരിക്കും പേര്.’
അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നു നടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നു ചേര്‍ന്നു.
അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.
അയാള്‍ പറഞ്ഞു:
‘നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!’
എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടു മൂന്നു പോക്കറ്റുകളില്‍ നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്…! കൂട്ടത്തില്‍ എന്റേതും.
‘ഇതില്‍ എതാണ് നിങ്ങളുടേത്?’
എന്റേതു ഞാന്‍ തൊട്ടു കാണിച്ചു.
‘തുറന്നു നോക്കൂ.’
ഞാന്‍ തുറന്നു നോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.
അയാള്‍ എന്നോടു പറഞ്ഞു:
‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!’
ഞാനും പറഞ്ഞു:
‘ദൈവം… നിങ്ങളെയും… എന്നെയും… എല്ലാവരെയും രക്ഷിക്കട്ടെ!’
മംഗളം!
മുകളിലെ ബഷീറിന്റെ ചിത്രത്തിന് കടപ്പാട് : ശ്രീധരന്‍ ടി. പി.
fineartamerica എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച Basheer The Man എന്ന ഡിജിറ്റല്‍ ചിത്രം.