ലോകമെങ്ങും പരന്നുകിടക്കുന്ന ത്യശ്ശൂര്‍പ്പൂരത്തിന്റെ ആരാധക ലക്ഷണങ്ങള്‍ മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ഒന്നാണ് മഠത്തിലെ വരവ്. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മഠത്തിലെ വരവിനു സാരഥ്യമേകുന്നത് തിരുവമ്പാടിയുടെ അഭിമാന താരമായ ശിവസുന്ദരന്‍ ആണ്. ഇതിനോടകം തുടര്‍ച്ചയായി ആറു തവണയിലധികം തവണ ശിവസുന്ദര്‍ ത്യശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കു വേണ്ടി നായകത്വം വഹിച്ചുകഴിഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ തിടമ്പാനയെന്ന പേരും പെരുമയും ശിവസുന്ദര്‍ എന്ന ഗജവീരന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു. ഇന്നവനു കേരളത്തിന്റെ മുക്കിലും മൂലയിലും ആരാധകര്‍ അനവധിയാണ്. പങ്കെടുക്കുന്ന പ്രധാന ഉത്സവങ്ങളില്‍ എല്ലാം ഇവന്‍ ഒരു പ്രധാന ആകര്‍ഷകമാണ്.
മഠത്തിലെ വരവിനു സ്വര്‍ണ്ണതലേക്കെട്ടിലെ സ്വര്‍ണ്ണക്കുമിളകളില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍ പുറപ്പെടുന്ന തങ്കപ്രഭയില്‍ കുളിച്ച ഉറച്ചചുവടും ഉയര്‍ന്ന ശിരസ്സുമായി അതിഗംഭീരമായ പ്രൗഡിയോടെ അവന്‍ കടന്നു വരുമ്പോള്‍ കാഴ്ചക്കാരായ ആയിരക്കണക്കിനു ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് മട്ടന്നൂരിന്റെ മേളത്തേക്കാള്‍ മുഴക്കമേറും.
നല്ല തലയെടുപ്പും വിരിഞ്ഞ മസ്തകവും, വീണെടുത്ത കൊമ്പും, നിലത്തിഴയുന്ന തുമ്പിയും, പതിനെട്ട് നഖവും ഒന്നിനൊന്ന് ചേര്‍ച്ചയുള്ള ഉടലഴകും ഇവനെ പേരിനെ അര്‍ത്ഥമാക്കുന്ന തരത്തില്‍ ആനകള്‍ക്കിടയിലെ സുന്ദരനാക്കുന്നു. എന്തെങ്കിലും ഒരു കുറവെന്ന് പറയാവുന്നത് ഇടനീളം അല്‍പം കുറവാണെന്നതാണ്. ശാന്തസ്വഭാവിയായ ഇവന്‍ എപ്പോഴും പ്രൗഡമായ നില്‍പ്പിലൂടെ ആളുകളെ ആകര്‍ഷിക്കുന്നു. മുപ്പത്താറാം വയസ്സില്‍ കലഭകേസരി, മാതംഗകേസരി എന്നിങ്ങനെ വിവിധ അംഗീകാരങ്ങള്‍ ഇവനെ തേടിയെത്തിയതും ഇവന്റെ മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ്.
കാട്ടിലെ വാരിക്കുഴിയില്‍ പെട്ട പിടിയാനയെ ഒഴിവാക്കി അതിന്റെ കുഞ്ഞിനെ ഫോറസ്റ്റുദ്യോഗസ്ഥര്‍ നാട്ടിലെത്തിച്ചു. അങ്ങിനെ കോടനാട്ടെ കളയില്‍ എത്തിയ കൊമ്പന്‍കുട്ടിയില്‍ പലരും കണ്ണുവെച്ചു. അനുസരണയുടേ ആദ്യ പാഠങ്ങള്‍ പഠിച്ച കോടനാടു കൂട്ടില്‍ നിന്നും ഇവനെ ആലുവക്കാരനായ ഒരു ബിസിനസ്സുകാരന്‍ സ്വന്തമാക്കി പുറത്തിറക്കി. കൊച്ചു പയ്യന്റെ വികൃതിയും കുസൃതിയും നിറഞ്ഞ നാളുകള്‍ക്കിടയിലേപ്പോഴോ ഒരു കൈമാറ്റത്തിലൂടെ അവന്‍ തൃശ്ശൂര്‍ക്കാരുടെ കയ്യില്‍ വന്നു പെട്ടു. തൃശ്ശൂരില്‍ അവന്‍ എത്തിപ്പെട്ടത് പൂക്കോടന്‍ ഫാന്‍സിന്റെ കയ്യിലായിരുന്നു. ആനയെ എങ്ങിനെ നോക്കണമെന്നും സ്നേഹിക്കണമെന്നും മറ്റുള്ളവര്‍ക്ക് മാതൃകയായ ഫ്രാന്‍സിസിന്റെ മാനസപുത്രനായി ശിവന്‍. ആദ്യകാലത്ത് തടിപിടിക്കലുമായി കഴിഞ്ഞ ഇവനെ അധികം പൂരങ്ങളില്‍ കാണാറില്ലായിരുന്നു. എന്നാല്‍ മെല്ലെ മെല്ലെ അവന്‍ അരങ്ങത്തേക്ക് എത്തി ആനക്കമ്പക്കാരുടെ മനം കവര്‍ന്നു. തൃശ്ശൂരിന്റെ തട്ടകത്തില്‍ ആനചന്തത്തിന്റെ പുതിയ ഒരു മാതൃകയായി അവന്‍ വളര്‍ന്നുയരുവാന്‍ പിന്നെ അധികം താമസിച്ചില്ല.
തിരുവമ്പാടി ചന്ദ്രശേഖന്റെ അവിചാരിതമായ വിയോഗമാണ് പെട്ടൊന്നൊരു ആനയെ വാങ്ങുന്നതിലേക്ക് തിരുവമ്പാടിക്കാരെ കൊണ്ടെത്തിച്ചത്. ചന്ദ്രശേഖരനൊത്ത ഒരു ആനയെ തന്നെ വേണം അവന്റെ പകരക്കാരനായി വാഴിക്കാന്‍ എന്ന് തട്ടകത്തുകാര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനായുള്ള അന്വേഷണങ്ങള്‍ കേരളക്കരയും കടന്ന് ബീഹാര്‍ ഉള്‍പ്പെടെ ഉള്ള ഉത്തരേന്ത്യന്‍ മണ്ണിലുമെത്തി. തലയെടുപ്പ് മാത്രമല്ല നല്ല ലക്ഷണത്തികവും വേണം എന്നതിനാല്‍ അത്തരം ഒരു ആനചന്തത്തെ അവര്‍ക്ക് അവിടെ നിന്നും കണ്ടെത്തുവാനായില്ല എന്നതാണ് സത്യം.ഒടുക്കം അവരുടെ അന്വേഷണം ഒരുവനില്‍ മുട്ടി നിന്നു. അതെ തൃശ്ശൂരില്‍ തന്നെയുള്ള പൂക്കോടന്‍ ശിവന്‍ എന്ന ആനചന്തത്തില്‍ ആയിരുന്നു അത്.
അഴകും ലക്ഷണത്തികവും ഒത്തിണങ്ങിയ ആനയെ ആവശ്യക്കാര്‍ക്ക് ശ്ശി ബോധിച്ചു എങ്കിലും ഉടമസ്ഥന്‍ ആതിനെ വില്‍ക്കാന്‍ തയ്യാറായില്ലെങ്കിലോ? അതെ ആരെങ്കിലും വന്ന് ചോദിക്കേണ്ട താമസം കൊള്ളാവുന്ന കയ്യിലുള്ള വിലയ്ക്ക് ആനയെ വില്‍ക്കുന്നവര്‍ ഉണ്ടാകാം എന്നാല്‍ ശിവനാനയെ വില്‍ക്കുവാന്‍ തല്‍ക്കാലം ഉദ്ദേശ്യം ഇല്ലെന്ന് ഉടമ തീര്‍ത്തു പറഞ്ഞു. കാരണം അവന്‍ അത്രയ്ക്ക് പ്രിയപ്പെട്ടവന്‍ ആണെന്നത് തന്നെ. പൂക്കോടന്‍ ഫ്രാന്‍സിസ് എന്ന ഉടമയും പൂക്കോടന്‍ ശിവന്‍ എന്ന ആനയും ആനയുടമയും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്ക് അഗാധം. കാടുകയറി തിരിച്ചുവന്ന് സ്നേഹത്തിന്റെ അളവു തെളിയിച്ചവനാണ് ശിവന്‍. അങ്ങിനെയുള്ള ഒരാനയെ ആരെങ്കിലും ചെന്ന് ചോദിച്ചാല്‍ കൊടുക്കുവാന്‍ തയ്യാറാകുമോ? ആവശ്യക്കാരുടെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ അന്നേവരെ കേരളത്തില്‍ ഒരാനയ്ക്കും കേള്‍ക്കത്ത ഒരാളും വാങ്ങാന്‍ കൂട്ടാക്കാത്ത ഒരു വിലയങ്ങ് പറഞ്ഞു. ഇരുപത്തെട്ട് ലക്ഷം!! ഒരാനയ്ക്ക് പത്തോ പന്ത്രണ്ടോ ലക്ഷം രൂപയില്‍ കൂടുതല്‍ വിലയില്ലാത്ത സമയത്ത് ഇരട്ടിയിലധികം വില പറഞ്ഞാല്‍ വന്നവര്‍ തിരിച്ചു പോകും എന്ന ധാരണയില്‍ ആയിരിക്കാം ഇങ്ങനെ ഒരു വില പറഞ്ഞത്. എന്നാല്‍ ഇതു കേട്ട് ഞെട്ടിയത് വാങ്ങാന്‍ വന്നവര്‍ ആയിരുന്നില്ല മറിച്ച് അവരുടെ മറുപടി കേട്ട് ഞെട്ടിയത് ആനയുടെ ഉടമയായിരുന്നു. ഇരുപത്തെട്ടെങ്കില്‍ ഇരുപത്തെട്ട് ദാ പിടിച്ചോ അഡ്വാന്‍സ്. കൊടുക്കാന്‍ ഉദ്ദേശിക്കാത്ത സാധനത്തിനു കേട്ടുകേള്‍വി പോലും ഇല്ലാത്ത വില പറയുന്നവര്‍ സൂക്ഷിക്കുക ഇത്തരം അബദ്ധങ്ങള്‍ നിങ്ങള്‍ക്കും പറ്റിയേക്കാം. ഒടുക്കം ക്ഷേത്രത്തില്‍ നടയിരുത്തുവാന്‍ ആണെന്ന ഒറ്റക്കരാണത്താല്‍ ഉടമസ്ഥന്‍ ആനയെ വില്‍ക്കുവാന്‍ തയ്യാറായി.
ഗള്‍ഫിലെ പ്രമുഖ വ്യവസായിയും തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളുമായ സുന്ദര്‍ മേനോന്‍ ആയിരുന്നു ആനയെ വാങ്ങിയത്. തുടര്‍ന്ന് 2003-ഫെബ്രുവരില്‍ ആണ് പൂക്കോടന്‍ ശിവന്‍ എന്ന ഇവനെ ശിവസുന്ദര്‍ എന്ന പേരില്‍ തിരുവമ്പാടിയില്‍ നടയ്ക്കിരുത്തിയത്. ആനയെ നടയ്ക്കിരുത്തി തൊഴുതു പ്രാര്‍ത്ഥിച്ച് പോകുന്ന പലരും ഉണ്ടാകാം. എന്നാല്‍ സുന്ദര്‍മേനോന്‍ ആ വിഭാഗത്തില്‍ പെടുന്ന ആളല്ല. ശിവസുന്ദറും സുന്ദര്‍ മേനൊനും തമ്മില്‍ നല്ല അടുപ്പമാണ്. എത്ര വലിയ തിരക്കിനിടയിലും അവന്റെ കാര്യങ്ങളില്‍ സുന്ദര്‍ മേനോനു പ്രത്യേക ശ്രദ്ധയുണ്ട്. നീരുകാലമായാല്‍ പിന്നെ സുന്ദര്‍ മേനോന്റെ വീട്ടുവളപ്പിലാണ് അവന്റെ വിശ്രമകാലം.നീരുകാലത്തുപോലും പാപ്പാന്മാരുമായി വലിയ തോതില്‍ വഴക്കിനും വയ്യാവേലിക്കും പോകാതെ, മറ്റുള്ളവരെ അപേക്ഷിച്ച് ശാന്തസ്വഭാവക്കാരനാണ് ശിവസുന്ദര്‍ . വര്‍ഷവര്‍ഷം അവനു സുഖചികിത്സയും അവിടെ വച്ച് തന്നെ.
അടുത്തിടെ ശിവസുന്ദറിന്റെ ജീവചരിത്രവും ഒപ്പം ഒരു സംഗീത ആല്‍ബവും ശ്രീ സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുകയുണ്ടായി.ഈ4എലിഫെന്റിലൂടെ മലയാളികള്‍ക്ക് പരിചിതനായ ശ്രീകുമാര്‍ അരൂക്കുറ്റിയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മധു ബാലകൃഷ്ണന്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഭാരതപ്പുഴയിലും മറ്റും ചിത്രീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാമില്‍ അതിഥിതാരങ്ങളായി പാമ്പാടി രാജന്‍, പാമ്പാടി സുന്ദര്‍ന്‍, അടിയാട്ട് അയ്യപ്പന്‍ എന്നീ ആനകളും കടന്നു വരുന്നു.