ഗുരുവായൂര്‍ : ആന പ്രേമികളെ കണ്ണീരിൽ ആഴ്ത്തിക്കൊണ്ട് ഗുരുവായൂര്‍ അര്‍ജ്ജുന്‍ ചരിഞ്ഞു. പാപ്പാന്മാരുടെ പീഢനത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥ യിലായിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ആന അര്‍ജ്ജുന്‍ വെള്ളിയാഴ്ച രാവിലെ ആണ് ചെരിഞ്ഞത്. ഏതാനും ദിവസങ്ങളായി ആനയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നു. വേദനയും ക്ഷീണവും മൂലം ആന നില്‍ക്കുവാന്‍ ആകാതെ തളര്‍ന്നു വീണിരുന്നു. അന്ത്യ സമയത്ത് മറ്റൊരാനയുടെ പാപ്പാനായ സുരേഷാണ് അര്‍ജ്ജുനനെ പരിപാലിച്ചിരുന്നത്.
പ്രമുഖ വ്യവസായി നന്ദിലത്ത് ഗോപുവാണ് 1997 സെപ്റ്റംബറില്‍ അര്‍ജ്ജുനനെ നടയ്ക്കിരുത്തിയത്. ഇരുപത്തെട്ട് വയസ്സു പ്രായമുള്ള അര്‍ജ്ജുനന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ലക്ഷണത്തികവൊത്ത കൊമ്പന്മാരില്‍ ഒരുവന്‍ ആയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിരവധി എഴുന്നള്ളിപ്പുകള്‍ക്ക് അര്‍ജ്ജുനന്‍ പതിവുകാരനായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം അര്‍ജ്ജുനന്റെ പാപ്പാന്‍ ആയി ജോലി ചെയ്തിരുന്ന മണികണ്ഠനെ അടുത്തിടെ ആണ് ഇന്ദ്രസെന്‍ എന്ന ആനയിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ജ്ജുനന്റെ മൂന്നു മാസം മുമ്പ് പുതിയ പാപ്പാന്‍ നടത്തിയ ഭേദ്യം ചെയ്യലാണ് ആനയുടെ മരണത്തിലേക്ക് നയിച്ചത്. വലിയ കോൽ ഉള്‍പ്പെടെ ഉള്ള അയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ക്രൂരമായ മര്‍ദ്ദനത്തില്‍ ആനയുടെ മുന്‍കാലിലെ (നടയിലെ) അസ്ഥി ഒടിഞ്ഞിരുന്നു. ഇതിന്റെ ഫലമായി കാലില്‍ നീരും പഴുപ്പും ഉണ്ടായി. ഇത് പിന്നീട് ശരീരത്തില്‍ പടരുകയായിരുന്നു. ചികിത്സകള്‍ നടത്തിയെങ്കിലും കാലിന്റെ എല്ലു ഒടിഞ്ഞ് പഴുപ്പ് വ്യാപിച്ചാല്‍ ആനകള്‍ രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്.
ശാന്ത സ്വഭാവക്കാരനായ അര്‍ജ്ജുനനില്‍ പുതുതായി വന്ന പാപ്പാന്‍ ആനയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയുള്ള ആള്‍ അല്ല. ആനകളെ മര്‍ദ്ദിക്കുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനുമാണ്. ശക്തമായ തൊഴിലാളി യൂണിയന്‍ ഉള്ള ഗുരുവായൂര്‍ ദേവസ്വത്തില്‍ ആനകളെ പീഢിപ്പിക്കുകയും വേണ്ട രീതിയില്‍ പരിപാലിക്കുകയും ചെയ്യാതിരിക്കുന്ന പാപ്പാന്മാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാരികള്‍ തയ്യാറാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ പേരിനൊരു അന്വേഷണത്തിനപ്പുറം അര്‍ജ്ജുനനന്റെ കൊലപാതകി കള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ഒരു വിഭാഗം ആന പ്രേമികള്‍ പറയുന്നത്.
ആനപ്പണി അറിയാത്തവരും ആനകളുടെ സ്വഭാവം അറിഞ്ഞ് പെരുമാറാത്തവരുമായ പാപ്പാന്മാരാണ് ആനകളുടെ ജീവനു ഭീഷണിയായി മാറുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖരായ ആനകളുടെ പാപ്പാന്മാരെ അടുത്തിടെ മാറ്റിയിരുന്നു. പുതിയ പാപ്പാന്മാര്‍ ആനയില്‍ കയറുമ്പോള്‍ അവയെ ചട്ടത്തിലാക്കുവാന്‍ പലപ്പോഴും അശാസ്ത്രീയമായ മൂന്നാം മുറയാണ് പ്രയോഗിക്കുന്നത്. മിക്കവാറും രാത്രിയിലാണ് ഭേദ്യം ചെയ്യല്‍ നടക്കുക. ഇത്തരത്തില്‍ നടത്തുന്ന പ്രയോഗത്തിനു ആനപ്പണി അറിയാത്തവരും എത്തുന്നു. ആനയെ അറിഞ്ഞ് അടിക്കണം എന്ന മുതിർന്ന പാപ്പാന്മാരുടെ ഉപദേശം പുതു തലമുറക്കാര്‍ ചെവിക്കൊള്ളാറില്ല. ഇതാണ് പലപ്പോഴും അപകടത്തിനു വഴി വെയ്ക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പാപ്പാന്മാരുടെ ക്രൂരമായ കെട്ടിയഴിക്കലിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷിയാണ് മുറിവാലന്‍ മുകുന്ദന്‍ എന്ന ആന. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒരു കാല്‍ ഒടിഞ്ഞു. കഴിഞ്ഞ പതിനാറു വര്‍ഷമായി മൂന്നു കാലില്‍ കെട്ടും തറിയില്‍ നില്‍ക്കുകയാണ് ഈ കൊമ്പൻ.