ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ഗജഗണങ്ങള്‍ക്ക് ഇത് സുഖചികിത്സയുടെ കാലം. ഇന്നലെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ സിദ്ധാര്‍ഥനും താരക്കും ഔഷധക്കൂട്ട് ചേര്‍ത്ത ചോരുള നല്‍കിക്കൊണ്ട് മുപ്പതു നാള്‍ നീളുന്ന സുഖചികിത്സക്ക് ദേവസ്വം ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചോറ്, ചെറുപയര്‍, ചവനപ്രാശ്യം, മുതിര, അഷ്ടചൂര്‍ണ്ണം തുടങ്ങി ആരോഗ്യ സംരക്ഷണത്തിനുതകുന്ന പ്രത്യേകം ചേരുവകള്‍ ചേര്‍ത്ത ഭക്ഷണം ആണ് സുഖചികിത്സാ കാലത്ത് ആനകള്‍ക്ക് നല്‍കുക. ഗജപരിപാലനത്തെ കുറിച്ചുള്ള പ്രാമാണിക ഗ്രന്ഥമായ ഹസ്ത്യായുര്‍വ്വേദത്തില്‍ പറഞ്ഞിരിക്കുന്ന വിധികള്‍ അനുസരിച്ച് തയ്യാറാക്കിയ ആയുര്‍വ്വേദ മരുന്നുകളും ഒപ്പം അലോപ്പതി മരുന്നുകളും സമന്വയിപ്പിച്ചാണ് പുതിയ സുഖ ചികിത്സാ രീതി. എട്ടു ലക്ഷം രൂപയോളമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വത്തിലെ അറുപത്തിനാല് ആനകളില്‍ 48 പേര്‍ക്കാണ് സുഖചികിത്സ നല്‍കുക. മറ്റുള്ളവ മദപ്പാടിലും മറ്റു ആരോഗ്യപ്രശ്നങ്ങളിലും ആയതിനാല്‍ സുഖചികിത്സയില്‍ നിന്നും ഒഴിവാക്കി. ആനക്കോട്ടയിലെ കാരാണവര്‍ പത്മനാഭനെ കൂടാതെ വലിയ കേശവന്‍, ഇന്ദരസെന്‍, എലൈറ്റ് നാരായണന്‍ കുട്ടി, വിഷ്ണു, ശേഷാദ്രി, വിനീഷ് കൃഷ്ണന്‍, രവി കൃഷ്ണന്‍, ബലറാം തുടങ്ങിയവരാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനികള്‍..
ഉദ്ഘാടാന ചടാങ്ങില്‍ പ്രമുഖ ആന ചികിത്സകന്‍ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോ.കെ.സി.പണിക്കര്‍, ഡോ.ടി.എസ്.രാജീവ്, ഡോ.പി.ബി.ഗിരിദാസ്, ഡോ.കെ.എന്‍.മുരളീധരന്‍ നായര്‍,ദേവസ്വം വെറ്റിനറി ഡോക്ടര്‍ വിവേക്. അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഖചികിത്സാകാലത്ത് ആനക്കോട്ട സന്ദര്‍ശിക്കുവാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം