ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ ഏങ്ങണ്ടിയൂര്‍ ഗ്രാമം മണപ്പുറത്തിന്റെ മഹോത്സവങ്ങള്‍ എന്നറിയപ്പെടുന്ന പൊക്കുളങ്ങര-ആയിരം കണ്ണി ദേവീ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കായി ഒരുങ്ങി. ഫെബ്രുവരി 29-മാര്‍ച്ച്-1 എന്നീ ദിവസങ്ങളിലാണ് ഉത്സവങ്ങള്‍ നടക്കുക. ജാതിമത ബേധമന്യേ ചേറ്റുവ മുതല്‍ തൃത്തല്ലൂര്‍ വരെ ഉള്ള എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും വിവിധ ഉത്സവക്കമ്മറ്റികള്‍-ഭക്തര്‍ എന്നിവര്‍ കൊണ്ടു വരുന്ന ചെറു പൂരങ്ങള്‍ അതാതു ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ ഒരു മഹോത്സവമായി മാറുന്നു. ശിങ്കാരിമേളം, കാവടി, തെയ്യം, ദേവനൃത്തം തുടങ്ങി വിവിധ വാദ്യ-കലാ രൂപങ്ങള്‍ ഇതിന് അകമ്പടിയായി ഉണ്ടാകും.
നാഷ്ണല്‍ ഹൈവേ 17-ല്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പൊക്കുളങ്ങര ക്ഷെത്രം സ്ഥിതിചെയ്യുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഇവിടെ മംഗലാം കുന്ന് അയ്യപ്പനാണ് ഇത്തവണ ദേവിയുടെ തിടമ്പേറ്റുക. ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്‍ ഏതാനും ആനകളുടെ അകമ്പടിയോടെ പൊക്കുളങ്ങര സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിലേക്ക് പോകും. അവിടെ ശിവശക്തി ക്ലബിന്റെ തിടമ്പേറ്റുന്ന യുവതാരം ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ ഉള്‍പ്പെടെ ഏതാനും ആനകള്‍ ചേര്‍ന്ന് ദേവിയേയും സംഘത്തേയും എതിരേല്‍ക്കും. തുടര്‍ന്ന് ശിവനെ വണങ്ങി പൊക്കുളങ്ങര ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ കൂട്ടി എഴുന്നള്ളത്ത് നടക്കും. ഇതിന്റെ ഒപ്പം പൊക്കുളങ്ങര ശ്രീദുര്‍ഗ്ഗാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന തെയ്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. പകല്‍പൂരത്തിനു ശേഷം ഗംഭീര വെടിക്കെട്ടും ഉണ്ടായിരിക്കും.
മാര്‍ച്ച് 1-ആം തിയതിയാണ് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡിലുള്ള ആയിരം കണ്ണി ക്ഷേത്രത്തിലെ ഉത്സവം. ഉച്ചയോടെ ആയിരം കണ്ണി ദേവി ഉത്സവപ്പുറപ്പാട് അറിയിച്ചു കൊണ്ട് ദേവന്റെ അമ്പലത്തില്‍ എത്തി വണങ്ങുന്നതോടെ ആണ് ആയിരം കണ്ണി ക്ഷേത്രോത്സവത്തിനു തുടക്കമാകുന്നത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തി ഘടകപൂരങ്ങളെ വരവേല്‍ക്കുന്നു. ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ നിരവധി ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഇത്തവണ തിരുവമ്പാടിയുടെ തിലകക്കുറിയായ , പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനു തിമ്പേറ്റുന്ന തിരുവമ്പാടി ശിവസുന്ദര്‍ ആണ് ആയിരംകണ്ണി ദേവിയുടെ തിടമ്പേറ്റുന്നത്. തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നില്‍ക്കും. (ഇവിടെ ക്ഷേത്രക്കമ്മറ്റിയുടെ ആനയ്ക്കാണ് തിടമ്പ്, അതിനാലാണ് രാമന്‍ വലം കൂട്ടാകുന്നത്) പാമ്പാടി രാജന്‍, മംഗലാംകുന്ന് കര്‍ണ്ണന്, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ പേരെടുത്ത ഗജവീരന്മാര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കും.
വ്യത്യസ്ഥമായ കലാരൂപങ്ങളുമായി എന്നും ഉത്സവത്തെ വേറിട്ടൊരു അനുഭവമാക്കിയിട്ടുള്ള ഷൂട്ടേഴ്സ് ക്ലബും, വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയും ഇത്തവണയും അതിഗംഭീരമായി തന്നെ ആണ് ഉത്സവത്തിനായി ഒരുങ്ങുന്നത്. ആയിരംകണ്ണി ഉത്സവത്തില്‍ പേരെടുത്ത നിരവധി ഗജവീരന്മാരെ അണിനിരത്തിയിട്ടുള്ള ഷൂട്ടേഴ്‌സിനു വേണ്ടി ഇത്തവണ പാമ്പാടി രാജന്‍ തിടമ്പേറ്റും. വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റിയ്ക്ക് വേണ്ടി കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍ ആണ് തിടമ്പേറ്റുക.
ജാതിമത ബേധമന്യേ മണപ്പുറത്തുനിന്നുമുള്ള പ്രവാസിമലയാളികളുടെ സജീവമായ സഹകരണമാണ് എടുത്തു പറയേണ്ടത്. വര്‍ഷാവര്‍ഷം ഇവര്‍ നല്‍കുന്ന സാമ്പത്തിക പിന്തുണയാണ് ഉത്സവത്തെ ഗംഭീരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. പലരും ഉത്സവം കൂടുവാന്‍മാത്രമായി ഒന്നോ രണ്ടോ ദിവസത്തെ ലീവില്‍ നാട്ടില്‍ എത്തുന്നു. ഉച്ചസൂര്യന്റെ പ്രകാശത്തില്‍ പൊന്‍പ്രഭചൊരിഞ്ഞ് തിളങ്ങുന്ന ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാര്‍ക്ക് മുമ്പില്‍ മഹോത്സവത്തിന്റെ മേളമുയരുമ്പോള്‍ അവരുടെ മനസ്സില്‍ പഴയകാല പൂരസ്മരണകള്‍ ഇരമ്പിയാര്‍ക്കും. അവരുടെ മനസ്സില്‍ തെച്ചിക്കോടനും,കര്‍ണ്ണനും, വിഷ്ണുവും, പാര്‍ഥനുമെല്ലാം തലയെടുപ്പോടെ നിറഞ്ഞു നില്‍ക്കും. നാട്ടിലെ ഉത്സവക്കമ്മറ്റിക്കാര്‍ സമയത്തിനു സി. ഡി കൊടുത്തയക്കാത്തതിന്റെ പരാതിയും പരിഭവവും പറഞ്ഞ് ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ അടുത്ത വര്‍ഷമെങ്കിലും പൂരം നേരിട്ടു കാണാം എന്ന പ്രതീക്ഷയോടെ അവര്‍ മറ്റൊരു പൂരത്തിന്റെ കൊടിയേറ്റത്തിനായി കാത്തിരിക്കും.