തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി കാണാന്‍ പല സ്‌ഥലങ്ങളില്‍ തമ്പടിക്കുന്നതു തടയണമെന്ന് പുല്ലുമേട് ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു സ്‌ഥലത്തുതന്നെ തീര്‍ഥാടകര്‍ കേന്ദ്രീകരിച്ചതാണ് അപകടകാരണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി മന്ത്രി വി.എസ്. ശിവകുമാറിനു കൈമാറി. കഴിഞ്ഞമാസം 17, 18 തീയതികള്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.