മലയാള കവിതയിൽ കാല്പനിക വിപ്ലവം കൊണ്ടുവന്ന ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 76 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.
ഇടപ്പള്ളി
പ്രണയമെന്നുടെ ജീവിതസര്‍വ്വസ്വം
പാടികോള്‍മയിര്‍കൊള്ളിച്ച നിന്‍ യൗവ്വനം
വേദനതിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തിയോര്‍മ്മയായി.
ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലെക്കുള്ളറിയാവഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വീകനാം നിനക്കന്യമേ ജീവിതം.
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നിട്ടില്ലീയുലകിലെന്ന്
സത്യംചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീനൂറ്റാണ്ടിലും.
പുല്ലാകാം പുസ്തകജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ചസത്യം തൊട്ടറിയിച്ചവന്‍ നീ.
ഇന്നോളവും കേട്ടിതില്ലിതുപോലൊരു
രാഗവൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവനസൌന്ദര്യ ശില്പങ്ങള്‍.
വിരഹവിപഞ്ചിക മീട്ടിമീട്ടിനിന്‍
മരണമണിനാദം സ്വയം മുഴക്കി
നാടുനീങ്ങി നീ കാല്പനീകമുദ്രയാല്‍
മലയാളകവിതയില്‍ പ്രായശ്ചിത്തം.
– അസ്മോ പുത്തന്‍ചിറ
തന്റെ മരണ പത്രത്തിൽ ഇടപ്പള്ളി ഇങ്ങനെ എഴുതി:
ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മ വീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.
സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.
പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെ മേൽ പതിക്കരുതേ!
എനിക്ക് പാട്ടു പാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നു പോയി – കൂപ്പുകൈ!
ഇടപ്പള്ളി രാഘവൻ പിള്ള
കൊല്ലം,
21-11-1111
ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണിനാദം’. കവിതയിൽ നിന്ന് ഏതാനും വരികൾ:
മണിനാദം
അനുനയിക്കുവാനെത്തുമെൻകൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൻ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പ്പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!
(മണിനാദം)