കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.