കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീസിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.
കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.