തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി. പരസ്പരം യോജിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് കൌണ്‍സിലിംഗില്‍ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കുടുമ്പ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജികൈലാസിനും അഭിഭാഷകനും ഒപ്പമാണ് ഗണേശ്കുമാര്‍ കോടതിയില്‍ എത്തിയത്. ഇതിനിടെ സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ ഗണേശ് കുമാര്‍ ലംഘിച്ചതായി യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലം കോടതിയെ അറിയിച്ചിരുന്നു.
കോടതിക്ക് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗണേശ് കുമാര്‍ പ്രതികരിച്ചില്ല. വിവാഹമോചനക്കാര്യത്തില്‍ തീരുമാനമായെന്നും ഇനി ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും യാമിനി തങ്കച്ചി പറഞ്ഞു. കുടുമ്പ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് ഗണേശ് കുമാറിനു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പരസ്ത്രീബന്ധം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് യാമിനിതങ്കച്ചി ഗണേശ് കുമാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപിച്ചത്. തുടര്‍ന്ന് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേശ്കുമാറിനു പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു.