സി.പി.എം എം.എല്‍.എ കെ.കെ.ലതികയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം കെ.കെ.ലതികയെ അപമാനിച്ചു എന്ന് തോന്നിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തന്റെ നാവില്‍ നിന്നും അത്തരം ഒരു പരാമര്‍ശം വരരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി പി.മോഹനന്‍ ജയിലില്‍ ആയതൊടെ എം.എല്‍.എ ആയ ഭാര്യ കെ.കെ.ലതിക നിയമ സഭയ്ക്കകത്ത് ഇരിക്കുന്ന കസേരയില്‍ കയറി നിന്ന് തുള്ളുകയാണെന്ന് മന്ത്രി പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ മാരായ കെ.കെ.ലതികയും ഐഷാ പോറ്റിയും സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം നിയമസഭാഗത്തിനെതിരെ ഉള്ള അവകാശ ലംഘനമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.
കെ.കെ.ലതികയുടെ ഭര്‍ത്താവും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി.മോഹനന്‍ ടി.പിചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലാണ്. മോഹനന്‍ ഉള്‍പ്പെടെ ഉള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
അടുത്തിടെയായി കെ.കെ. ലതിക അഭ്യന്തര വകുപ്പിനെതിരെ ശക്തമായ നിലപാടാണ് നിയമ സഭയില്‍ എടുത്തുകൊണ്ടിരിക്കുന്നത്. സ്ത്രീപീഡനക്കേസുകളിലും പെണ്‍വാണിഭക്കേസുകളിലും പോലീസ് കുറ്റവാളികളെ രക്ഷിക്കുന്ന വിധത്തിലുള്ള നിലപാടാണ് എടുക്കുന്നതെന്നും കോഴിക്കോട് വട്ടക്കിണറില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ കൊലപാതകികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നിയമസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.