
കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്സ് ബിയിലെ ഗ്രൂപ്പ് പോരിന് ഒടുവില്‍ മകനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനെ തളക്കുവാന്‍ പിതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള നേരിട്ട് തെരുവിലിറങ്ങി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ആദ്യം ആശുപത്രിയിലും പിന്നീട് യു. ഡി. എഫ്. സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് ശിക്ഷയിളവ് വാങ്ങി പുറത്തിറങ്ങിയ “അവശനായ” പിള്ളയെ അല്ല പൊതു ജനം കണ്ടത്. മറിച്ച് വാര്‍ദ്ധ്യക്യത്തിലും ഒരു പോരിനുള്ള കരുത്ത് തന്നില്‍ അവശേഷിച്ചിട്ടുണ്ടെന്ന് സ്വയം വിളിച്ചു പറയുന്ന പിള്ളയെ ആയിരുന്നു. കേരള കോണ്‍ഗ്രസ് ബി ഗണേശ് കുമാര്‍ വിഭാഗം കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗ സ്ഥലത്തേക്ക് പിള്ള വിഭാഗം പ്രതിഷേധ മാര്‍ച്ചുമായി എത്തിയതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് യോഗ സ്ഥലത്തിന് അടുത്തെത്തിയതോടെ നായക സ്ഥാനം പിള്ള ഏറ്റെടുത്തു. ഗണേശ് കുമാര്‍ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും കൊടി തോരണങ്ങളും പിള്ള വിഭാഗക്കാര്‍ നശിപ്പിക്കുവാനും ആരംഭിച്ചിരുന്നു.
പുത്രനെതിരെ പിതാവ് രാഷ്ടീയ പട നയിക്കുന്ന കാഴ്ച കാണികള്‍ക്ക് കൌതുകമായെങ്കിലും രംഗം പന്തിയല്ലെന്ന് കണ്ട പോലീസുകാര്‍ പ്രകടനത്തെ തടഞ്ഞു. ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് തെരുവു യുദ്ധമായി മാറിയേക്കും എന്ന് അവര്‍ പിള്ളയെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. “എന്റെ പാര്‍ട്ടിയുടെ യോഗമാണു നടക്കുന്നത്. ഞാന്‍ അകത്തു കയറും. എന്തു സംഭവിക്കും എന്ന് നോക്കട്ടെ” – പുറകോട്ടില്ലെന്ന നിലപാടില്‍ പിള്ള ഉറച്ചു നിന്നു. ഇതിനിടയില്‍ പ്രധാന റോഡുകളില്‍ അടക്കം വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
ഒളിഞ്ഞു തെളിഞ്ഞും പ്രസ്ഥാവനകളിലൂടെയും പ്രവര്‍ത്തകരിലൂടെയും പരസ്പരം പോരടിച്ചിരുന്ന പിള്ളയും പുത്രനും പോര്‍ വിളിയുമായി പരസ്യമായി രംഗത്തെത്തിയതോടെ യു. ഡി. എഫ്. നേതൃത്വം വെട്ടിലായി. ഒടുവില്‍ യു. ഡി. എഫ്. നേതൃത്വം ഇടപെട്ട് ഗണേഷ് കുമാറിന്റെ ഉദ്ഘാടന പ്രസംഗം മൊബൈല്‍ ഫോണിലൂടെ ആക്കി.
മന്ത്രി വന്നില്ലെങ്കിലും യോഗം നടന്നു എന്ന് ഗണേശ് വിഭാഗവും ഗണേശനെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആശ്വാസത്തില്‍ പിള്ള വിഭാഗവും പിരിഞ്ഞു പോയി. തത്വത്തില്‍ ഇരു പക്ഷത്തിനും തങ്ങളാണ് വിജയിച്ചതെന്ന് തല്‍ക്കാലത്തേക്ക് ആശ്വസിക്കാം.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, രാഷ്ട്രീയ അക്രമം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ പി. സി. വിഷ്ണുനാഥ് എം. എല്‍. എ., എം. ലിജു, ഹൈബി ഈഡന്‍ എം. എല്‍. എ. എന്നിവര്‍ക്ക് വിവിധ കേസുകളിലായി അറസ്റ്റ് വാറണ്ട്. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന എ. ബാബുവിനെ 2002 മാര്‍ച്ചില്‍ ആക്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പി. സി. വിഷ്ണുനാഥിനും, എം. ലിജുവിനും എതിരെ തിരുവനന്തപുരം സി. ജെ. എം. കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
പൊതു നിരത്തില്‍ ജാഥ നടത്തി മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ച കേസിലാണ് ഹൈബി ഈഡന്‍ എം. എല്‍. എ. യ്ക്ക് അറസ്റ്റ് വാറണ്ട്. വിചാണ സമയത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. എം. അഷ്‌റഫ് വാറണ്ട് ഉത്തരവിട്ടത്. 2007ല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജില്ലാ ജയിലിനു സമീപം അനുമതിയില്ലാതെ ജാഥ നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.
- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, ക്രമസമാധാനം

തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യ സുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടൿ സിങ്ങ് അലുവാലിയയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിനു ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയെ കുറിച്ച് വേവലാതി വേണ്ടെന്നും, കേരളത്തില്‍ ഭൂമിയ്ക്ക് കടുത്ത ദൌര്‍ലഭ്യം ഉള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കും വിധത്തിലുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം അലുവാലിയ പറഞ്ഞത്.
അലുവാലിയയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരനും രംഗത്തു വന്നു. മന്‍മോഹന്‍ സിങ്ങ്, അലുവാലിയ തുടങ്ങിയ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വസിക്കില്ല എന്ന് രൂക്ഷമായ ഭാഷയിലാണ് വി. എസ്. അലുവാലിയക്കെതിരെ പ്രതികരിച്ചത്. അലുവാലിയയുടെ പ്രസ്ഥാവനയെ കേരളം അവജ്ഞയോടെ തള്ളുമെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷയെന്നും, കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അലുവാലിയയുടെ പ്രസ്ഥാവന
എന്നും പറഞ്ഞ സുധീരന്‍ ഇത് ഭൂമാഫിയക്ക് കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍വയല്‍ നികത്തുവാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നെല്‍ വയലുകള്‍ നികത്തപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ഈ റിപ്പോര്‍ട്ടിനെ മറികടക്കുന്ന ശുപാര്‍ശയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി

തിരുവനന്തപുരം : മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ ഭൂമിദാന കേസില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. വി. എസിനെ ഒന്നാം പ്രതിയാക്കി ക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ 2.300 ഏക്കര്‍ ഭൂമി ബന്ധുവിനു പതിച്ചു നല്‍കി എന്നതായിരുന്നു കേസ്. മൊത്തം ഏഴു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മുന്‍ മന്ത്രിയും സി. പി. ഐ. നേതാവുമായ കെ. പി. രാജേന്ദ്രൻ, വി. എസിന്റെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് ഐ. എ. എസ്., വി. എസിന്റെ ബന്ധുവും ഭൂമി ലഭിച്ച ആളുമായ ടി. കെ. സോമൻ, കാസര്‍കോട് മുന്‍ കളക്ടര്‍മാരായിരുന ആനന്ദ് സിങ്ങ്, എൻ. എ. കൃഷ്ണന്‍ കുട്ടി, വി. എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരാണ് മറ്റു പ്രതികള്‍.
അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിജിലന്‍സ് ഡി. വൈ. എസ്. പി. വി. ജി. കുഞ്ഞനന്തനും സംഘവുമാണ് കേസ് അന്വേഷണം നടത്തിയത്.
- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം