തിരുവനന്തപുരം : 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് സഹകരിക്കുന്നില്ല എന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ് എന്ന് കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഈ കേസില്‍ കേരളാ പോലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതികളെ കര്‍ണ്ണാടക പോലീസ് ഇത് വരെ പിടി കൂടിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക പോലീസ് ഔദ്യോഗികമായി എന്ത് സഹായം ആവശ്യപ്പെട്ടാലും അത് ചെയ്തു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് താന്‍ ഉദ്ദേശിക്കുന്നില്ല. കര്‍ണ്ണാടക ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് ആഭ്യന്തര മന്ത്രിയുടെ ഈ പുതിയ ആരോപണം എന്നും കോടിയേരി പറഞ്ഞു. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും സി.പി.സി. സെക്ഷന്‍ 91 അനുസരിച്ച് നോട്ടീസ് മാത്രം നല്‍കിയതിന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശം നടത്തിയിരുന്നു.



ദുബായ് : സ്വത്വ രാഷ്ട്രീയ വാദികള്‍ അവര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സ്വത്വം ഏതെന്നു വെളിപ്പെടുത്താന്‍ കൂട്ടാക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും പൊന്നാനി നഗരസഭാ ചെയര്‍മാനുമായ പ്രൊഫ. എം. എം. നാരായണന്‍ അഭിപ്രായപ്പെട്ടു. ദുബായ് സന്ദര്‍ശനത്തിനിടയില്‍ eപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
























