തിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.
തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.
“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.
വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.