തിരുവനന്തപുരം: സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സി. പി. എമ്മിനു തലവേദനയാകുന്നു. കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍. കെ. പ്രേമചന്ദ്രനോട് തോറ്റതിനെ തുടര്‍ന്ന് എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും എം. എ. ബേബി എം. എല്‍. എ. സ്ഥാനം രാജി വെക്കുവാന്‍ തീരുമാനിച്ചതായും പാര്‍ട്ടി അതു തള്ളിയെന്നും എന്നാല്‍ ബേബി പാര്‍ട്ടി തീരുമാനത്തിനു വഴങ്ങുന്നില്ല എന്നുമാണ് സൂചന. നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബേബി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. തിങ്കളാഴ്ച ബേബിയെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.
കൊല്ലത്തെ പരാജയത്തോടൊപ്പം താന്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ നിയമ സഭാ മണ്ഡലത്തില്‍ പോലും കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് രാജിക്കാര്യം ബേബി ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ബേബിയുടെ രാജി സന്നദ്ധത തള്ളി. ലോക്‍സഭയിലേക്കും നിയമ സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ മുമ്പും വ്യത്യസ്ഥമായ ഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, അതിന്റെ പേരില്‍ രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പരാജയത്തിന്റെ പേരില്‍ എം. എ. ബേബി രാജി വെക്കുകയാണെങ്കില്‍ അത് കൊല്ലത്തെ പരാജയത്തിന്റെ ക്ഷീണം ഇനിയും വിട്ടുമാറാത്ത സി. പി. എം. ഔദ്യോഗിക നേതൃത്വത്തിനു വീണ്ടും തിരിച്ചടിയാകും. ബേബിയുടെ രാജിയിലൂടെ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടി ഉണ്ടായതും ഒപ്പം രണ്ടായിരുന്ന ആര്‍. എസ്. പി. കളുടെ ലയനവും പാര്‍ട്ടി അംഗങ്ങളിലും അണികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.
സി. പി. എമ്മിന്റെ പിടിവാശി മൂലമാണ് കൊല്ലത്ത് ആര്‍. എസ്. പി. ക്ക് ലോക്‍സഭാ സീറ്റു നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഇടതു മുന്നണി വിട്ട ആര്‍. എസ്. പി. യു. ഡി. എഫില്‍ ചേര്‍ന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ഥിയായതോടെ അതൊരു അഭിമാന പ്രശ്നമായി കണ്ട് സി. പി. എം. തങ്ങളുടെ സംഘടനാ ശേഷി മുഴുവന്‍ പുറത്തെടുത്തു കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടു. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിക്കൊണ്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ഒടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരനാറിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നിടം വരെ എത്തി. എന്നാല്‍ സി. പി. എമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രകോപന പരമായ സമീപനങ്ങളോട് സംയമനം പാലിച്ച ആര്‍. എസ്. പി. അധിക്ഷേപങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും എന്ന് പറഞ്ഞൊഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രേമചന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്തു. എം. എ. ബേബി നിയമസഭാംഗമായ കുണ്ടറ മണ്ഡലത്തില്‍ വരെ പിന്‍തള്ളപ്പെട്ടു. അഭിമാന പോരാട്ടത്തില്‍ പോളിറ്റ് ബ്യൂറോ അംഗം കൂടെയായ ബേബിയുടെ പരാജയം മൂലം കനത്ത തിരിച്ചടിയാണ് സി. പി. എമ്മിനു സംഭവിച്ചത്.