കണ്ണൂര്‍: കണ്ണൂരിനെ കൊലക്കളമാക്കിക്കൊണ്ട് വീണ്ടും കൊലപാതക പരമ്പര. ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകമാണ് ഇന്നലെ നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ മനോജിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡായമണ്ട് മുക്കിലെ വീട്ടില്‍ നിന്നും ഓംനി വാനില്‍ പുറപ്പെട്ട മനോജിന്റെ വാഹനത്തിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മനോജിനെ വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ബി. ജെ. പി. പ്രവര്‍ത്തകന്‍ കൊളപ്രത്ത് പ്രമോദിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍. എസ്. എസ്. ജില്ലാ നേതാവായ മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍. എസ്. എസ്. നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ബോംബേറും കല്ലേറും ഉണ്ടായി.
കണ്ണൂരിനെ കൊലക്കളമാക്കുവാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ എ. ഡി. ജി. പി. എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അണികള്‍ സി. പി. എം. വിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതിന്റെ വിഭ്രാന്തിയാണ് സി. പി. എമ്മിനെന്നും സി. പി. എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് മനോജിന്റെ കൊലപാതകമെന്നും ആര്‍. എസ്. എസ്. നേതൃത്വം ആരോപിച്ചു. സമീപ കാലത്ത് ബി. ജെ. പി. വിട്ട് സി. പി. എമ്മില്‍ ചേര്‍ന്ന ഒ. കെ. വാസു അടക്കം ഉള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മനോജിന്റെ മൃതദേഹം ആര്‍. എസ്. എസ്., ബി. ജെ. പി. നേതാക്കന്മാര്‍ ഏറ്റുവാങ്ങി. വിലാപ യാത്രയായി കൊണ്ടു വന്ന് മനോജിന്റെ വീട്ടിലും ആര്‍. എസ്. എസ്. കാര്യാലയത്തിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം സംസ്കരിക്കും. ഡയമണ്ട് മുക്കില്‍ പരേതനായ ചാത്തുക്കുട്ടിയുടേയും രാധയുടേയും മകനാണ് കൊല്ലപ്പെട്ട മനോജ്. സുധി, മഹേഷ് ,സുനില്‍, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. നേരത്തെയും മനോജിനെ വക വരുത്തുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, രാഷ്ട്രീയ അക്രമം