കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സി.പി.എം വിഭാഗീയത മറനീക്കിക്കൊണ്ട് ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി വിമതരുടെ ശക്തിപ്രകടനം. പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മറ്റിയുടെ കീഴിലെ വിമതര്‍ നടത്തിയ ശക്തി പ്രകടനം നേതൃത്വത്തിനു തലവേദനയായി. ഔദ്യോഗിക പക്ഷവും വിമത പക്ഷവും പ്രത്യേകം പ്രത്യേകമായാണ് പി.കൃഷ്ണപിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചത്. ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് മുന്നൂറില്‍ അധികം പേരെ അണിനിരത്തിക്കൊണ്ട് രാവിലെ 6.30നു അറുത്തൂട്ടിപാറ ജംഗ്ഷനില്‍ നിന്നും കുറ്റിക്കോല്‍ ടൌണിലേക്ക് വിമതര്‍ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഉള്‍പ്പെടെ ഉള്ളവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് തലം മുതല്‍ ജില്ലാ നേതൃത്വം വരെ ഏറെ നാളായി ജില്ലയില്‍ നീറിപ്പുകയുന്ന വിഭാഗീയത ഇതോടെ പുറത്തുവന്നു.
ജില്ലാ കമ്മറ്റി അംഗം പി.ദിവാകരന്‍, ബേഡകം ഏരിയാ കമ്മറ്റി അംഗം രാജേഷ് ബാബു, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ പഞ്ചായത്ത് അംഗം സജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി.പി.എം ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുംസരണ സമ്മേളനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.രാഘവന്‍ പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി സി.ബാലന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ പങ്കെടുത്തു. ഒഞ്ചിയത്തിനു ശേഷം മലബാര്‍ മേഘലയില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബേഡകത്തേത്. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ വിമതര്‍ ദുര്‍ബലരായി മാറി. മറ്റു പലയിടങ്ങളീലേയും വിമത നീക്കങ്ങളെ ചന്ദ്രശേഖരന്‍ വധം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.