തിരുവനന്തപുരം: പൊതു മരാമത്ത് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ നടത്തുന്ന കോടികളുടെ അഴിമതിയെ കുറിച്ച് മുന്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. നിയമ സഭയില്‍ ഉന്നയിച്ച ആരോപണത്തിന് വ്യക്തത ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു മരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് ഭരണ കക്ഷി എം. എല്‍. എ. ആയ ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസം സഭയില്‍ ആരോപണം ഉന്നയിച്ചത്. പൊതു മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടി. ഒ. സൂരജ് അനധികൃത സ്വത്ത് സമ്പാദന ക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്.
കെ. ബി. ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിനു ക്ലീന്‍ ചിറ്റ് നല്‍കിയത്. ഗണേശ് കുമാര്‍ ആരോപണം ഉന്നയിച്ചത് ചട്ട വിരുദ്ധമായാണെന്നും അതിനാല്‍ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി ചൂണ്ടിക്കാട്ടി കെ. ബി. ഗണേശ് കുമാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടും അന്വേഷണം നടത്തുവാന്‍ തയ്യാറായില്ലെന്നും നിയമം ഉമ്മന്‍ ചാണ്ടിയുടെ വഴിക്കാണെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ വി. എസ്. സുനില്‍ കുമാര്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭയുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍