തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി. പി. ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും മകളുടെ വീട്ടിലേക്ക് മാറ്റി. നാളെ രാവിലെ സി. പി. ഐ. സംസ്ഥാന കമ്മറ്റി ഓഫീസായ എം. എൻ. സ്മാരകത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.
1928-ല്‍ കൊല്ലം ജില്ലയില്‍ വെളിയത്ത് കളിക്കല്‍ മേലേത് കൃഷ്ണന്റെ മകനായാണ് വെളിയം ജനിച്ചത്. സ്കൂള്‍ കലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു വെളിയം ഭാര്‍ഗവൻ. വെളിയം സംസ്കൃത സ്കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ പാസ്സായതിനു ശേഷം കൊട്ടാരക്കര ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നു. 1947-ല്‍ പത്താം ക്ലാസ് പാസ്സായി കൊല്ലം എസ്. എൻ. കോളേജില്‍ ചേര്‍ന്നു. 1950 കളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. ബി. എ. പാസ്സായ ശേഷം മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. പടി പടിയായി പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി. 1954-ലെ ട്രാന്‍സ്പോര്‍ട്ട് സമരക്കാലത്ത് പോലീസുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ചടയമംഗലത്തു നിന്നും വിജയിച്ച് 1957-ലെ ആദ്യ കേരള നിയമ സഭയില്‍ അംഗമായി. പിന്നീട് 1960 ലും നിയമസഭാംഗമായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. ഐ. യില്‍ ഉറച്ചു നിന്നു. 1971 മുതല്‍ സി. പി. ഐ. ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. പി. കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1998-ല്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ 2010 വരെ ഉള്ള കാലയളവില്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നീട് ഈ സ്ഥാനം ഒഴിഞ്ഞു സജീവ രാഷ്ടീയത്തില്‍ നിന്നും പിന്‍വാങ്ങി.
മരണ സമയത്ത് പ്രമുഖ സി. പി. ഐ. നേതാക്കള്‍ സമീപത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ വെളിയത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.