കൊച്ചി: ഇടപ്പള്ളിയിലെ ലുലുമാള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ജലം ഊറ്റുന്നതു കൊണ്ടാണ് പശ്ചിമ കൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു കാരണം എന്ന ആക്ഷേപം സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍വലിച്ചു. പ്രസ്ഥാവന വിവാദമായതോടെ ആണ് ആരോപണം ഉന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി ദിനേശ് മണി പിന്‍വലിച്ച് പത്രക്കുറിപ്പിറക്കിയത്. ഇടപ്പള്ളിയില്‍ 17 ഏക്കറില്‍ 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാളില്‍ പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ ശുദ്ധ ജലം ആവശ്യമുണ്ട്. ഇത് എവിടെ നിന്നു വരുന്നു എന്ന് പരിശോധിച്ചാല്‍ ജലക്ഷാമത്തിന്റെ ഉറവിടം കണ്ടെത്തൂവാന്‍ കഴിയുമെന്നും പൊതുവിതരണ സംവിധാനത്തിലൂടെ വരുന്ന ജലത്തെ ആണ് ലുലു പ്രധാനമായും ആശ്രയിക്കുന്നതെന്നും അദ്ദേഹം ഒരു പൊതു യോഗത്തില്‍ പ്രസംഗിച്ചിരുന്നു.
ദിനേശ് മണിയുടെ ആരോപണത്തെ തുടര്‍ന്ന് ജലം ഊറ്റുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞിരുന്നു. ദിനേശ് മണിയുടെ ആരോപണത്തെ നിഷേധിച്ചു കൊണ്ട് ലുലു മാള്‍ അധികൃതര്‍ രംഗത്തെത്തി. ജല അതോരിറ്റിയുടെ കണക്ഷന്‍ ഇല്ലെന്നും തങ്ങള്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളേയും ടാങ്കര്‍ ലോറികളേയുമാണ് ജലത്തിനായി ആശ്രയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ദിനേശ് മണീയുടെ വാദം അടിസ്ഥന രഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ലുലുമാള്‍ വന്നതുകൊണ്ടു മാത്രം പശ്ചിമ കൊച്ചിയില്‍ ജലക്ഷാമം രൂക്ഷമായെന്ന അഭിപ്രായം തനിക്കില്ലെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പറഞ്ഞ് ദിനേശ് മണി തന്റെ നിലപാട് മാറ്റി.
നേരത്തെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും , തോട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ചും ലുലു മാളിനെതിരെ സി.പി.എം ,സി.ഐ.ടി.യു എറണാകുളം നേതൃത്വം ലുലുമാളിനെതിരെ രംഗത്തെത്തിയിരുന്നു. സര്‍വ്വേ റിപ്പോര്‍ട്ട് തോട് കയ്യേറിയീന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കുന്നു എങ്കിലും ആരോപണത്തില്‍ നിന്നും പുറകോട്ട് പോകുവാന്‍ ദിനേശ് മണി തയ്യാറായിട്ടില്ല.